കോഴിക്കോട്: നാർകോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടോയെന്ന് മുഖ്യമന്ത്രി പറയണമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. ക്യാമ്പസിൽ തീവ്രവാദം വളർത്തുന്നുണ്ടെന്ന സി.പി.എം. റിപ്പോർട്ടിലും മുഖ്യമന്ത്രിയുടെ നിലപാട് അറിയേണ്ടതുണ്ട്. ഏത് ക്യാമ്പസിലാണെന്നും ഇതിന് തെളിവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദ ഗ്രൂപ്പുണ്ടെങ്കിൽ അതിനെ ചെറുക്കാൻ ലീഗ് ഒപ്പം നിൽക്കുമെന്നും എം.കെ. മുനീർ പറഞ്ഞു. ആര് തീവ്രവാദ പ്രവർത്തനം നടത്തി എന്നുള്ളത് ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ ലോകത്തോട് പറയണം. കാരണം ആ തീവ്രവാദത്തെ എതിർക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായി പരിശ്രമിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ കൂടി അത് തടയാൻ സഹായിക്കുമല്ലോ. ഏതെങ്കിലും പ്രഫഷണൽ കോളജിൽ അത്തരം കാര്യമുണ്ടെങ്കിൽ പറയണം.
ഗവൺമെന്റിന്റെ കൂടെ നിന്ന് അതിനെ തുരത്തുന്നതിന് വേണ്ടി ലീഗ് കൂടെയുണ്ടാകും. അത് പറയാതെ ഒളിപ്പിച്ചുവെച്ചുകൊണ്ട് ചില കാര്യങ്ങൾ പറയുമ്പോൾ അത് സാമുദായിക സ്പർധ ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. സമുദായങ്ങളെ ഒന്നിച്ചുനിർത്തേണ്ടവർ,അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് കേരളത്തിന് എത്രമാത്രം ഗുണകരമാണെന്നത് പരിശോധിക്കേണ്ടതുണ്ട്- മുനീർ പറഞ്ഞു.
Content Highlights:M K Muneers criticism against Pinarayi Vijayan