ടൂറിൻ
ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ യുവന്റസിന്റെ കഷ്ടകാലം തുടരുന്നു. സീസണിലെ ആദ്യജയത്തിനായുള്ള യുവന്റസിന്റെ കാത്തിരിപ്പ് നീളുന്നു. അവസാനമായി എസി മിലാനോട് സമനില വഴങ്ങിയതോടെ പട്ടികയിൽ 18–-ാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു അവർ. തരംതാഴ്ത്തൽ ടീമിന്റെ സ്ഥാനമാണിത്. ചരിത്രത്തിലെ എക്കാലത്തെയും മോശം തുടക്കമാണ് ലീഗിൽ യുവന്റസിന് ഇത്തവണ. നാലു കളിയിൽ രണ്ടുവീതം തോൽവിയും സമനിലയും. ആകെ രണ്ട് പോയിന്റ്.
മിലാനെതിരെ 1–-1നാണ് മാസിമില്ലിയാനോ അല്ലെഗ്രിയുടെ സംഘം കളി അവസാനിപ്പിച്ചത്. അൽവാരൊ മൊറാട്ടയിലൂടെ മുന്നിലെത്തിയ യുവന്റസിനെ ആൻടെ റെബിച്ചിലൂടെ മിലാൻ ഒപ്പംപിടിച്ചു. ചാമ്പ്യൻമാരായ ഇന്റർമിലാനാണ് ലീഗിൽ ഒന്നാമതുള്ളത്. എസി മിലാൻ തൊട്ടുപിന്നിലുണ്ട്.