പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നാണ് കാന്തപുരം തിങ്കളാഴ്ച വ്യക്തമാക്കിയത്. വിഷയത്തിൽ മധ്യസ്ഥ ചർച്ച ആവശ്യമില്ലെന്നും തെറ്റായ പ്രസ്താവന നടത്തിയ ബിഷപ്പ് പരാമർശം പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Also Read:
സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവരും പരസ്പരം യോജിച്ച് സ്നേഹത്തോടെ മുന്നോട്ടു പോണം. എല്ലാ വിഭാഗങ്ങളും തെറ്റ് ചെയ്യുന്നുണ്ട്. ചിലർ പുതിയ പേരുകൾ കൊണ്ടുവന്ന് അനാവശ്യ വിവാദങ്ങൾ സൃഷടിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് ആര് ശ്രമിച്ചാലും അത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സിറോ മലങ്കര കാത്തലിക് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ വിളിച്ചു ചേർത്ത യോഗത്തിൽ സിറോ മലബാർ സഭയിൽ നിന്നും ആരും പങ്കെടുത്തില്ല. ചങ്ങനാശേരി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടവും സമസ്ത പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തില്ല.
കേരളത്തിലെ ഹൈന്ദവ-ക്രൈസ്തവ-മുസ്ലിം മതബന്ധങ്ങളിൽ ജാഗ്രതയും സ്നേഹവും പുലർത്തേണ്ട കാലമാണെന്ന് മാർ ക്ലിമിസ് പറഞ്ഞിരുന്നു. വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സന്ദേശമാണ് നൽകേണ്ടതെന്ന് സത്യദീപത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് മതമൈത്രിയുടെ പ്രാധാന്യം മാർ ക്ലിമിസ് ഓർമ്മിപ്പിച്ചത്. കേരളത്തിൽ വർഷങ്ങളായി മതസൗഹാര്ദ്ദം നിലനിന്നിരുന്നു. എന്നാൽ വിശ്വാസ സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകാറുണ്ട്. പക്വത കുറവും വ്യക്തി താൽപര്യങ്ങളുമാണ് ഐക്യബോധത്തിന് വിള്ളലുണ്ടാക്കുന്നത്. പരസ്പരം സംശയങ്ങൾ ഉണ്ടാകുന്നതു മൂലം കൂടുതൽ അകൽച്ചയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.