ന്യൂഡൽഹി
പൊതുപ്രവർത്തനരംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ അനുഭവപരിചയവുമായാണ് നാൽപ്പത്തെട്ടുകാരനായ ചരൺജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത്. സ്വയം കാറോടിച്ചു പോകുകയും ടോൾ പ്ലാസകളിൽ പണമടയ്ക്കുകയും ചെയ്യുന്ന വ്യത്യസ്തൻ. രണ്ടായിരത്തിന്റെ തുടക്കത്തിൽ കോൺഗ്രസ് ടിക്കറ്റിൽ തദ്ദേശ തെരഞ്ഞെടുപ്പിലൂടെയാണ് തുടക്കം. പിന്നീട് കോൺഗ്രസുമായി തെറ്റി. 2007ൽ നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. നിയമസഭയിൽ ആദ്യകാലത്ത് അകാലിദളുമായി സഹകരിച്ചു പ്രവർത്തിച്ചു. അകാലിദളിൽനിന്ന് ഭിന്നിച്ച് പഞ്ചാബ് പീപ്പിൾസ് പാർടി രൂപീകരിച്ച മൻപ്രീത് ബാദലിന്റെ വിശ്വസ്തനായി.
2010ൽ അമരീന്ദർ സിങ് കോൺഗ്രസിൽ എത്തിച്ചു. അന്ന് ഹൈക്കമാൻഡ് പ്രതിനിധിയായിരുന്ന സി പി ജോഷിയുമായുള്ള അടുപ്പം രാഹുൽ ഗാന്ധിയെ പരിചയപ്പെടാൻ വഴിയൊരുക്കി. ഇതോടെ വളരെ വേഗം നേതൃനിരയിലേക്ക് ഉയർത്തപ്പെട്ടു. അകാലിദൾ ഭരണത്തിൽ 2015–-16ൽ പ്രതിപക്ഷ നേതാവായി. 2017ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ മന്ത്രിസ്ഥാനം. തുടക്കത്തിൽ അമരീന്ദറിന്റെ വിശ്വസ്തനായിരുന്നെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് സിദ്ദു ക്യാമ്പിലെത്തി.
ഒത്തുതീർപ്പ് സ്ഥാനാർഥി
മുഖ്യമന്ത്രി പദത്തിനായി മുതിർന്ന നേതാക്കൾ വടംവലിയായതോടെ ചരൺജിത്ത് ഒത്തുതീർപ്പ് സ്ഥാനാർഥിയായി. സിഖ് വിഭാഗത്തിന് മുഖ്യമന്ത്രി പദം ലഭിക്കുന്ന ഏക സംസ്ഥാനമെന്നനിലയിൽ സർദാർ നേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യമുയർന്നു. ഇതോടെ മുതിർന്ന നേതാവ് സുഖ്ജീന്ദർ സിങ് രൺധാവ, മുൻ പിസിസി പ്രസിഡന്റ് പ്രതാപ് സിങ് ബാജ്വ, സിദ്ദു, ചന്നി തുടങ്ങിയവരായി പരിഗണനയിൽ. എന്തുവന്നാലും സിദ്ദുവിനെ അംഗീകരിക്കില്ലെന്ന് അമരീന്ദർ നിലപാടെടുത്തു. രൺധാവയുടെ പേരിന് മുൻതൂക്കം വന്നെങ്കിലും സിദ്ദു താൽപ്പര്യപ്പെട്ടില്ല. 32 ശതമാനംവരുന്ന ദളിത് വോട്ടുകൾ നിർണായകമാണെന്നതും ചന്നിക്ക് അനുകൂല ഘടകമായി.