അഹമ്മദാബാദ്
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് മൂവായിരത്തോളം കിലോ ഹെറോയിന് പിടികൂടി. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. രണ്ട് കണ്ടെയ്നറിലായി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്.
രണ്ടുപേരെ അറസ്റ്റുചെയ്തു. അഫ്ഗാൻ പൗരൻമാരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്നുള്ള ടാൽക്ക് സ്റ്റോൺ പൊടിയെന്ന വ്യാജേന മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ആഷി ട്രേഡിങ് കമ്പനിയാണ് കണ്ടെയ്നർ ഇറക്കുമതി ചെയ്തത്. ഇറാനിലെ ബൻഡാർ അബ്ബാസ് തുറമുഖത്തുനിന്നാണ് ഇവ പുറപ്പെട്ടത്.
ആദ്യ കണ്ടെയ്നറിൽ 1,999.58 കിലോയും രണ്ടാമത്തെ കണ്ടെയ്നറിൽ 988.64 കിലോയുമാണ് കണ്ടെത്തിയത്. ഗാന്ധിനഗറിൽനിന്നുള്ള ഫോറൻസിക് വിദഗ്ധർ കണ്ടെയ്നറുകളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു. തുടര്ന്ന് ഡല്ഹി, ചെന്നൈ, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളില് ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തി. നവിമുംബൈ തുറമുഖത്ത് നിന്ന് ജൂലൈയില് 300 കിലോ ഹെറോയിന് പിടികൂടി. ഇതും ഇറാനിലെ ബൻഡാർ അബ്ബാസ് തുറമുഖത്തുനിന്നാണ് പുറപ്പെട്ടത്. ആഗസ്തില് 191 കിലോ ഹെറോയിനും പിടികൂടി.
ഇറാൻ ബോട്ടിൽ 30 കിലോ ഹെറോയിൻ
ഗുജറാത്ത് തീരത്ത്നിന്നും 250 കോടിരൂപ വിലമതിക്കുന്ന 30 കിലോ ഹെറോയിനുമായി ഇറാന് ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഏഴ് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യന് കോസ്റ്റ് ഗാര്ഡും ചേര്ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. വൻ ലഹരി കടത്ത് സംഘങ്ങളിലെ അംഗങ്ങളാണ് പിടിയിലായതെന്നും ഇവരെ ചോദ്യം ചെയ്യുന്നതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.