ന്യൂഡൽഹി > ജിഎസ്ടിപരിധിയിൽ വന്നാല് പെട്രോള്, ഡീസല് വില കുറയുമെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രാഷ്ട്രീയലക്ഷ്യത്തോടെയാണ് പ്രചാരണം. പെട്രോള്, ഡീസല് ലിറ്ററിനു 30 രൂപയിലധികം കേന്ദ്രം പ്രത്യേക തീരുവ ഈടാക്കുന്നത് പിൻവലിച്ചാല് വിലകുറയും. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ടും പാചകവാതകവില കുത്തനെ ഉയരുന്നു. അഞ്ച് ശതമാനം ജിഎസ്ടിയുള്ള എൽപിജി സിലിൻഡറിന്റെ വില മൂന്നു വർഷത്തില് ഇരട്ടിയിലേറെയായി– വാര്ത്താസമ്മേളനത്തില് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി നിർദേശമുള്ളതിനാലാണ് പെട്രോള്, ഡീസല് വിഷയം പരിഗണിക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങള് രാഷ്ട്രീയഭേദമന്യേ നിലപാടെടുത്തു.
ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനങ്ങള്ക്ക് നികുതിവരുമാനത്തിന്റെ പകുതിയേ കിട്ടൂ. ദൈനംദിന പ്രവർത്തനം പോലും താളംതെറ്റുമെന്ന് ധനമന്ത്രിമാർ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന ഏറ്റുമുട്ടലിന്റെ കാര്യമില്ല. ജിഎസ്ടി നഷ്ടപരിഹാരം അടുത്തവർഷം ജൂലൈ കഴിഞ്ഞും നൽകണമെന്ന് സംസ്ഥാന ധനമന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകതാൽപ്പര്യം സംരക്ഷിക്കാനാണ് വെളിച്ചെണ്ണയ്ക്ക് ഉയർന്ന നികുതി ചുമത്തുന്നത് എതിർത്തത്. തമിഴ്നാടും ഗോവയും ഇതേ നിലപാടെടുത്തു.
ഉയർന്ന നികുതി വന്നാൽ കർഷകർക്ക് ലഭിക്കുന്ന വിലയിൽ കുറവുണ്ടാകും. ജിഎസ്ടി വന്നശേഷം പല രീതിയിലും തട്ടിപ്പ് നടക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കാൻ പ്രത്യേകസമിതി നിയോഗിക്കും. ധനകമീഷൻ ശുപാർശപ്രകാരം കേന്ദ്ര സർക്കാർ കേരളത്തിന് നൽകേണ്ട നികുതിവിഹിതം 1.92 ശതമാനമായി കുറഞ്ഞത് വൻ തിരിച്ചടിയാണ്.
നേരത്തേ ലഭിച്ച 3.92 ശതമാനം വിഹിതംതന്നെ കുറവായിരുന്നു. ഈ വിവേചനം പരിഹരിക്കാൻ ആവശ്യമായ ഇടപെടല് നടത്തും. കേരളത്തിന്റെ നികുതിവിഹിതം ഉയർത്തണമെന്നത് ഐകകണ്ഠ്യേന ഉയരേണ്ട ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.