തിരുവനന്തപുരം > സംസ്ഥാനത്തെ വികസനക്കുതിപ്പിന് പുതിയ ദിശ പകർന്ന് രണ്ടാം പിണറായി സർക്കാരിന്റെ ‘നൂറുദിന പരിപാടി’ ലക്ഷ്യത്തിൽ. ജൂൺ 11ന് പ്രഖ്യാപിച്ച പരിപാടി ഞായറാഴ്ച അവസാനിക്കുമ്പോൾ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പൂർത്തീകരിക്കാനായി. ചില മേഖലകളിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ നേടി. എല്ലാം പുതിയ വെല്ലുവിളികളെ മുന്നിൽ കണ്ടുള്ളവ.
മഴയും വെയിലുമേൽക്കാതെ മനഃസമാധാനത്തോടെ സ്വന്തം വീട്ടിൽ കിടന്നുറങ്ങാമെന്ന ആയിരങ്ങളുടെ സ്വപ്നം യാഥാർഥ്യമായി. കിട്ടാക്കനിയായി കണ്ടിരുന്ന പട്ടയമെത്തിയത് പതിനായിരങ്ങളുടെ കൈകളിൽ. തൊഴിൽ സ്വപ്നങ്ങളെയും സർക്കാർ ഒപ്പംനിന്ന് പ്രാവർത്തികമാക്കുന്നു. റോഡ്, പാലം, കളിസ്ഥലം, കൃഷി, വിദ്യാഭ്യാസം, സർക്കാർ സേവനങ്ങൾ തുടങ്ങി സർവമേഖലകളിലും നൂറുദിനത്തിന്റെ കൈയൊപ്പ്.
എൽഡിഎഫ് പ്രകടന പത്രികയിൽ മുന്നോട്ടുവച്ച പുരോഗമന കാഴ്ചപ്പാടും സാധാരണക്കാരന്റെ ജീവിതം മുന്നിൽക്കണ്ടുള്ള പദ്ധതികളും അതിവേഗം നടപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ ചെയ്യുന്നത്. അവയ്ക്ക് കൃത്യതയും സമയബന്ധിത പൂർത്തീകരണവും ഉറപ്പുവരുത്തുന്നു നൂറുദിന പരിപാടി.