കൊച്ചി > ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബ് കേരളത്തിന്റെ മണ്ണിൽ യാഥാർഥ്യമായി. രാജ്യത്തെ സ്റ്റാർട്ടപ് രംഗത്തിന് പുത്തൻ ഊർജം നൽകുന്ന ഡിജിറ്റൽ ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ വരുന്ന ടെക്നോളജി ഇന്നൊവേഷൻ സോണിലാണ് രണ്ടുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടസമുച്ചയം.
കേരള സ്റ്റാർട്ടപ് മിഷന്റെ കീഴിലുള്ള ഹബ്ബിൽ പുത്തൻ സാങ്കേതികവിദ്യയിലൂന്നിയ ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയാണ് സജ്ജീകരിക്കുക. ഡിജിറ്റൽ ഹബ്ബ് ഉൾപ്പെടുന്ന ടെക്നോളജി ഇന്നൊവേഷൻ സോണിന് 215 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.
നിലവിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലുള്ള 165 സ്റ്റാർട്ടപ്പുകൾക്കുപുറമെ 200 സ്റ്റാർട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളാനാകും. ഡിസൈൻ ഇൻകുബേറ്റർ, ഹെൽത്ത്കെയർ ഇൻകുബേറ്റർ, മൗസർ ഇലക്ട്രോണിക്സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈൻ സ്റ്റുഡിയോകൾ, നിക്ഷേപകർക്കായുള്ള പ്രത്യേക സംവിധാനം, ഇന്നൊവേഷൻ കേന്ദ്രം എന്നിവയടങ്ങുന്നതാണ് ഡിജിറ്റൽ ഹബ്ബ്.
ഡിജിറ്റല് ഹബ്ബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനില് നിര്വഹിക്കുന്നു. ഹൈബി ഈഡന് എംപിയും മന്ത്രി പി രാജീവും കളമശേരിയിലെ വേദിയില് ചടങ്ങ് വീക്ഷിക്കുന്നു
സോഫ്റ്റ്വെയർ, ഹാർഡ്വെയർ വിഭാഗങ്ങളിലെ ഉൽപ്പന്ന രൂപകൽപ്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇവിടത്തെ മികവിന്റെ കേന്ദ്രം മാറും. നിർമിതബുദ്ധി, റോബോടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ്, ലാംഗ്വേജ് പ്രോസസിങ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. തുടക്കത്തിൽ 2500 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാർട്ടപ്പുകളാണ് ഇവിടെ പ്രവർത്തിക്കുക.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. സെമി കണ്ടക്ടർ മേഖലയിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുകയാണെന്ന് പി രാജീവ് പറഞ്ഞു. ഹൈബി ഈഡൻ എംപി, ചീഫ് സെക്രട്ടറി വി പി ജോയി, ഇലക്ട്രോണിക്സ് ആൻഡ് ഐടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ജോൺ എം തോമസ് എന്നിവർ സംസാരിച്ചു.