തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളേയും ഡ്രൈവർമാരേയും തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് ഉപയോഗിക്കാമെന്ന എംഡിയുടെ ഉത്തരവിനെതിരേ യൂണിയനുകൾ. സ്ഥാപനത്തിന് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി ബിജു പ്രഭാകർ തദ്ദേശസ്വയംഭരണ വകുപ്പിന് അയച്ച ശുപാർശയാണ് വിവാദമായത്.
കെഎസ്ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകൾ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി നിയോഗിക്കാനുമായിരുന്നു ശുപാർശ. ഇതിനെതിരേയാണ് തൊഴിലാളി യൂണിയൻ രംഗത്തെത്തിയത്.
പി.എസ്.സി പൊതുപരീക്ഷ ഉൾപ്പെടെയുള്ള കടമ്പകൾ കടന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ നിയമിക്കുന്നത്. ഇവരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്നുമാണ് തൊഴിലാളി യൂണിയനുകൾ പറയുന്നത്. ഇത് കാണിച്ച് യൂണിയൻ എംഡിക്ക് കത്തയച്ചിട്ടുണ്ട്.
അതേസമയം, വരുമാനം ഉണ്ടാക്കാനുള്ള ഒരു ശുപാർശ മാത്രമായിരുന്നു അതെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നും എംഡി ബിജു പ്രഭാകർ പ്രതികരിച്ചു.
നേരത്തെ കെഎസ്ആർടിസി കോംപ്ലക്സുകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കവും വിവാദമായിരുന്നു. പിന്നാലെയാണ് മാലിന്യസംഭരണത്തിനുള്ള ശുപാർശയും വിവാദമാവുന്നത്.