സുരേഷ് ഗോപി എംപിയുടെ സല്യൂട്ട് വിവാദത്തിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. അതിനിടെ ശ്രദ്ധേയമാവുകയാണ് മുൻ മന്ത്രിയും എംഎൽഎയുമായ മാത്യുടി തോമസ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ്. മുൻപ് തനിക്കുണ്ടായിരുന്ന അനുഭവം പങ്കുവെച്ചുകൊണ്ട്ജനപ്രതിനിധികൾക്ക് പലപ്പോഴും സല്യൂട്ട് ലഭിക്കുന്നത് ആദരവിന്റെ പുറത്തല്ല, മറിച്ച് നിർബന്ധത്തിന്റെ പുറത്താണെന്ന് പറയുകയാണ് അദ്ദേഹം.
മാത്യു ടി തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
സല്യൂട്ട്: ആ ദിവസത്തിനു ശേഷം
2006 ലെ ഒരു മന്ത്രിസഭായോഗദിനം ഇന്നും ഓർമയിൽ.
വി എസ്സ് മുഖ്യമന്ത്രി; എന്റെ വകുപ്പ് ഗതാഗതം, അച്ചടി, സ്റ്റേഷനറി.
മന്ത്രിസഭായോഗത്തിനായി സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കാറിൽ വന്നിറങ്ങി.
മുന്നിൽ 3 മന്ത്രിമാർ കയറിപോവുന്നത് കാണാം. (പേരുകൾ പറയുന്നില്ല)
ഓരോരുത്തരെയും വാതിൽക്കൽ നിൽക്കുന്ന കാക്കിധാരികൾ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്!
ഒരാൾ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതിൽ ഒറ്റയടി! മറ്റെയാൾ നിവർന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും…
ആസ്വദിച്ചു പോയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല.
മുന്നിൽ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയർ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി.
ഒരു മിനിറ്റിനുള്ളിൽ 4 തവണ.. ഹോ!
വാതിൽ കടന്നു അകത്തേക്ക് കാൽ വച്ചപ്പോഴാണ് ഞാൻ കേട്ടത്…. ആ പാവങ്ങൾ തമ്മിൽ പറയുന്നു.
ഈ ബബബബമാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു
കറക്ട്…!
ഞാൻ 2 ചുവടു പിന്നിലേക്ക് നടന്നു.
സൗമ്യമായി പറഞ്ഞു- അടുത്ത തവണ മുതൽ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊളളാം
ആ വാക്ക് ഞാൻ പാലിച്ചു- പിന്നീട് മന്ത്രിയായപ്പോഴും.
(മന്ത്രിസഭായോഗങ്ങൾക്കു പോവുമ്പോൾ)
അവർ എന്നെ ഒരു സത്യം പഠിപ്പിച്ചു..
ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്!
അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനൊന്നുമില്ലെന്നും..