ന്യൂഡല്‍ഹി: ഉചിതമായ സമയത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതെന്ന് രവി ശാസ്ത്രി. 2017 ല്‍ പരിശീലക സ്ഥാനത്തെത്തിയ ശാസ്ത്രി 2021 ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയും. നിലവില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ക്വാറന്റൈനിലാണ് ശാസ്ത്രി.
“ഞാന്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ സാധിച്ചു. അഞ്ച് വര്‍ഷത്തോളം ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി തുടര്‍ന്നു. ഓസ്ട്രേലിയയില്‍ രണ്ട് തവണ പരമ്പര സ്വന്തമാക്കി, ഇംഗ്ലണ്ടിലും ജയം ആവര്‍ത്തിച്ചു. ഇതാണ് പാരമ്യം. ഓവലിലേയും ലോര്‍ഡ്സിലേയും വിജയങ്ങള്‍ക്ക് ഇരട്ടി മധുരമാണുള്ളത്,” ശാസ്ത്രി പറഞ്ഞു.
ശാസ്ത്രിയുടെ കീഴില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ ഇന്ത്യ ട്വന്റി 20 പരമ്പരകളും നേടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അപൂര്‍വമായ നേട്ടമാണ്. സെന രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കുക എന്നത് ഏതൊരു ടീമിനും കഠിനമായ ഒന്നാണ്.
“വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തുള്ള എല്ലാ ടീമിനേയും അവരുടെ നാട്ടില്‍ വച്ച് പരാജയപ്പെടുത്തി. ട്വന്റി 20 ലോകകപ്പ് നേടുകയാണെങ്കില്‍ നേട്ടങ്ങള്‍ക്ക് അവസാന മിനുക്കു പണി എന്ന് മാത്രമെ കരുതാന്‍ സാധിക്കു. ക്ഷണം ലഭിച്ചു കഴിഞ്ഞ് അധികകാലം നില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം. ഒരു ടീമില്‍ നിന്ന് നേടാന്‍ പറ്റുന്നതെല്ലാം ഞാന്‍ സ്വന്തമാക്കി,” ശാസ്ത്രി വ്യക്തമാക്കി.
കിരീട നേട്ടത്തോടെ പടിയിറങ്ങുകയായിരിക്കും ശാസ്ത്രിയുടെ ലക്ഷ്യം. വിരാട് കോഹ്ലി-ശാസ്ത്രി സംഖ്യത്തിനൊരു ഐസിസി ട്രോഫി നേടാനായിട്ടില്ല. “നിലവാരത്തിനൊത്ത് ഉയരുകയാണെങ്കില്‍ ജയിക്കാന്‍ സാധിക്കും. ടെസ്റ്റ് മത്സരങ്ങളുടെ സമ്മര്‍ദത്തിന് വിട. ട്വന്റി 20 ആസ്വദിക്കാനുള്ളതാണ്. പടിയിറക്കം മോശമാക്കാന്‍ പദ്ധതിയില്ല,” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
“തീര്‍ച്ചയായും കാലാവധി അവസാനിക്കുന്നു എന്നത് സങ്കടകരമായ ഒന്ന് തന്നെയാണ്. നിരവധി മികച്ച കളിക്കാര്‍ക്കും വ്യക്തിത്വങ്ങള്‍ക്കുമൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. നമ്മളുടെ ക്രിക്കറ്റിന്റെ നിലവാരവും ഫലവും പരിശോധിച്ച് നേക്കുകയാണെങ്കില്‍ അവിശ്വസനീയമായൊരു യാത്രയായിരുന്നു കഴിഞ്ഞു പോയത്,” അദ്ദേഹം പറഞ്ഞു.
Also Read: IPL 2021: ഇനി ഐപിഎല്‍ രാവുകള്‍; ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കം
The post ആഗ്രഹിച്ചതെല്ലാം നേടി, പടിയിറക്കം ഉചിതമായ സമയത്ത്: ശാസ്ത്രി appeared first on Indian Express Malayalam.