കാബൂൾ > കാബൂൾ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ ഏഴ് കുട്ടികളടക്കം ഒരു കുടുംബത്തിലെ പത്തു പേർ കൊല്ലപ്പെട്ട സംഭവത്തിൽ മാപ്പ് പറഞ്ഞ് അമേരിക്ക. ഭീകരരാണെന്ന് കരുതി സന്നദ്ധപ്രവർത്തകനായ സമെയ്രി അക്മദിനും കുടുംബത്തിനും നേരെ ആഗസ്റ്റ് 29ന് ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. വീടിന് സമീപം നിർത്തിയിട്ടിരുന്ന സമെയ്രി അക്മദിന്റെ വാഹനത്തിന് നേരെയാണ് എം ക്യൂ 9 റിപ്പർ ഡ്രോണിൽ നിന്ന് ഹെൽഫയർ മിസൈലുകൾ തൊടുത്തത്.
ആക്രമണത്തിൽ കൊല്ലപ്പെട്ടത് കുട്ടികളടക്കമുള്ള അഫ്ഗാനിസ്ഥാൻ പൗരന്മാരാണെന്ന് വാർത്തകൾ വന്നതിന് പിന്നാലെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റസമ്മതം.
കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഒന്നിലധികം ഭീകരരെ ഡ്രോൺ ആക്രമണത്തിൽ വധിച്ചുവെന്നായിരുന്നു അമേരിക്കയുടെ വാദം. ആക്രമണത്തിന് ശേഷം വാഹനത്തിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായും അമേരിക്ക പറഞ്ഞിരുന്നു. സംഭവം നടന്നതിന് പിന്നാലെ അമേരിക്കയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്.