ന്യൂഡൽഹി: ചരക്കു സേവന നികുതിയിൽ (ജിഎസ്ടി)ഉൾപ്പെടുത്തിയാൽ പെട്രോളിന്റെയുംഡീസലിന്റെയുംവില കുറയില്ലെന്ന് സംസ്ഥാനധനമന്ത്രി കെ. എൻ. ബാലഗോപാൽ. വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതി. ജിഎസ്ടിയിൽ പെടുത്തിയാൽ കുറയും എന്നുള്ളത്തെറ്റിധരിപ്പിക്കുന്ന പ്രചരണമാണ്. ജിഎസ്ടിയുടെ പരിധിയിൽകൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. മുമ്പില്ലാത്ത തരത്തിൽ വലിയ തോതിൽ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ബാലഗോപാൽ പറഞ്ഞു.
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുമോ, കൊണ്ടുവന്നാൽ ഇവയുടെ വില വലിയ രീതിയിൽ കുറയില്ലേ എന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു കേസ് വന്നതിനെതുടർന്ന് ജിഎസ്ടി കൗൺസിൽ ഇക്കാര്യം പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതുകൊണ്ട് ഇക്കാര്യം ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. ജിഎസ്ടിയിൽ വന്നാൽ പെട്രോളിന്റെയും ഡീസലിന്റേയും വില വലിയ തോതിൽ കുറയുമെന്ന് കേരളത്തിൽ ഉൾപ്പെടെ വ്യാപകമായ ഒരു പ്രചാരണമുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധികൾ ഉൾപ്പെടെ വലിയ തോതിൽ ഈ പ്രചാരണം അഴിച്ചുവിടുന്നുണ്ട്.
ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. ഇപ്പോൾ തന്നെ ഡീസലിന്28 രൂപയും പെട്രോളിന്26 രൂപയും പ്രത്യേക സെസായി കേന്ദ്രം പിരിക്കുന്നുണ്ട്. നാല് രൂപ ഡീസലിന് കാർഷികസെസായും ഇത് കൂടാതെ വേറെ സെസും പിരിക്കുന്നുണ്ട്.അതുകൊണ്ട് വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതിയെന്ന് അഭിപ്രായം മുന്നോട്ട് വെച്ചു. സമാനമായ രീതിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അഭിപ്രായം വന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം ജിഎസ്ടിയിലേക്ക് പോകേണ്ടതില്ല എന്നതായിരുന്നു.
പെട്രോളും ഡീസലും ജിഎസ്ടിയിൽ പൊടുത്തിയാൽ വില കുറയും എന്ന് മുമ്പില്ലാത്ത തരത്തിൽ വലിയ തോതിൽ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെങ്കിൽ നിലവിലുള്ള സംവിധാനം തന്നെയാണ് വേണ്ടത്. ജിഎസ്ടി ഏർപ്പെടുത്തിയാൽ നിലവിൽ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ പകുതി നഷ്ടമാകും. എത്ര പിരിച്ചാലും സംസ്ഥാനത്തിന് പകുതിയേ കിട്ടു. കേരളത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന നികുതിയുടെ ഭീമമായ ഭാഗം വീണ്ടും നഷ്ടപ്പെടും. അത് സംസ്ഥാനത്തെ ബാധിക്കും. മറ്റ് സംസ്ഥാനങ്ങൾക്കും ഈ പ്രശ്നമുണ്ട്.
ഭക്ഷ്യ ആവശ്യത്തിനുള്ള എണ്ണയ്ക്ക് പൊതുവിൽ നികുതി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണയ്ക്ക് മാത്രം വേർതിരിച്ച് നികുതി ഏർപ്പെടുന്ന കാര്യത്തിൽ വിശദമായ ചർച്ച വേണമെന്ന്വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഇത് ഉപഭോക്താവിനേയും കർഷകരേയും ഒരുപോലെ ബാധിക്കുമെന്നതിനാൽ മാറ്റിവെക്കാൻ തീരുമാനമായി. 2.5 ലക്ഷം കോടിയിലധികം ഇപ്പോൾ തന്നെ കടമെടുത്തിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. അത് കൊടുത്തുതീരാൻ തന്നെ അഞ്ച് വർഷമെടുക്കും. ഇപ്പോൾ പിരിക്കുന്ന സെസ് അഞ്ച് വർഷം കൂടി തുടർന്നാൽ മാത്രമേ എടുത്ത കടം തിരിച്ചടയ്ക്കാൻ പറ്റൂവെന്നും ധനകാര്യ മന്ത്രി പറഞ്ഞതായും ബാലഗോപാൽ പറഞ്ഞു.
Content Highlights:Fuel price will not decrease if its included in gst, says K N Balagopal