കൊല്ലം
ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആർഎംഒയുടെ റിപ്പോർട്ട്.
യുവതിയുടെ ആവർത്തിച്ചുള്ള നിർബന്ധപ്രകാരമാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്തത്. അപകടാവസ്ഥ ബോധ്യപ്പെടുത്തി സമ്മതപത്രം ഒപ്പിട്ടുവാങ്ങിയിരുന്നു. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞാണ് എസ്എടിയിലേക്ക് ഇവർ പോയതെന്നും ആരോഗ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന കല്ലുവാതുക്കൽപാറ പാലമൂട്ടിൽ മിഥുന്റെ ഭാര്യ മീര (23) 15ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലാണ് പ്രസവിച്ചത്. എന്നാൽ, കുഞ്ഞ് മരിച്ചിരുന്നു. കൂട്ടിരിപ്പുകാരില്ലെന്ന കാരണത്താൽ വിക്ടോറിയയിൽ പ്രവേശിപ്പിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ് ചെയ്തില്ലെന്നുമാണ് പരാതി. വയറുവേദനയുമായി യുവതി ഒറ്റയ്ക്കാണ് എത്തിയതെന്നും മാസം തികയാതെയുള്ള പ്രസവമായതിനാലാണ് കൂടുതൽ സൗകര്യമുള്ള വിക്ടോറിയയിലേക്ക് റഫർ ചെയ്തതെന്നും നെടുങ്ങോലം ആശുപത്രി അധികൃതരും അറിയിച്ചു.