അങ്കമാലി: അര മണിക്കൂർ ഇടവേളയിൽ 83 വയസ്സുകാരിക്ക് രണ്ട് വാക്സിൻ ഡോസ് നൽകിയതായി പരാതി. എറണാകുളം ശ്രീമൂലനഗരം സർക്കാർ ആശുപത്രിക്കെതിരേയാണ് 83 വയസ്സുകാരിയായ താണ്ഡമ്മആരോപണമുന്നയിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെ 12 മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം ഡോസ് വാക്സിനെടുക്കാനായാണ് താണ്ഡമ്മ മകനൊപ്പം എത്തിയത്. വാക്സിനെടുത്തതിന് ശേഷം അരമണിക്കൂർ വിശ്രമിച്ചു. പിന്നീട് ചെരുപ്പ് ധരിക്കാനായി അകത്തേക്ക് കയറിയപ്പോൾ വീണ്ടും കുത്തിവെച്ചുവെന്നാണ് പരാതി. വാക്സിൻ എടുത്തതായി ആവർത്തിച്ച് പറഞ്ഞിട്ടും ആരോഗ്യപ്രവർത്തകർ അത് ചെവികൊണ്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
വീണ്ടും വാക്സിൻ എടുത്തതിനു പിന്നാലെ തളർച്ച ഉൾപ്പെടെ ചെറിയ രീതിയിലുള്ള അസ്വസ്ഥതഅനുഭവപ്പെട്ടതായും താണ്ഡമ്മ പറഞ്ഞു. മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ആരോഗ്യവകുപ്പിന് പരാതി നൽകുന്നില്ലെന്നും ഇവർ പ്രതികരിച്ചു.