തിരുവനന്തപുരം > കെഎസ്ആർടിസി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പമ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകിയയാൾക്ക് 10,000 രൂപ പിഴ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര സ്വദേശി ഡി സെൽവിന്‍ പിഴയിട്ടത്. തുക ക്യാൻസർ ചികിത്സയിലുള്ള കുട്ടികൾക്കായി ചെലവിടാനും കോടതി നിർദേശിച്ചു.
ജില്ലാ മജിസ്ട്രേറ്റിൽനിന്നും നിരാക്ഷേപപത്രം വാങ്ങാതെ പമ്പ് ആരംഭിച്ചെന്ന് കാട്ടിയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ആവശ്യമായ അനുമതി ലഭ്യമാക്കിയാണ് പമ്പ് ആരംഭിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. രേഖകളൊന്നും പരിശോധിക്കാതെ സമീപിച്ചതിനാണ് കേസ് തള്ളി കോടതി പിഴയിട്ടത്. കെഎസ്ആർടിസിക്കായി സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ദീപു തങ്കൻ ഹാജരായി.