കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ 31 കോടിയുടെ സ്വത്ത് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. ഓഗസ്റ്റ്10ന് പോപ്പുലർ ഫിനാൻസ് എം.ഡിയും ഉടമയുമായ തോമസ് ഡാനിയേൽ മകളും സി.ഇ.ഒയുമായ റിനു മരിയം എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 31 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത്.
പോപ്പുലർ ഗ്രൂപ്പിന്റെ കീഴിൽ കേരളം, തമിഴ്നാട്, ആന്ധ്രഎന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര കാറുകളുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. കാറുകളുടെ മൂല്യം രണ്ടുകോടിയാണ്. ഇവരുടെ വിവിധ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം എകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ്. കൂടാതെ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങൾ എന്നിവ ചേർത്താണ് 31 കോടി രൂപ ഇപ്പോൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.
രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകൾ പോപ്പുലർ ഗ്രൂപ്പ് നടത്തിയിരിക്കുന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. രാജ്യത്താകമാനം 270 ബ്രാഞ്ചുകളിലാണ് ഇവർ ക്രമക്കേട് നടത്തിയത്. 1600ഓളം പേരിൽനിന്നായി സ്വർണവും പണവും ഈ ഗ്രൂപ്പ് വാങ്ങിയിരുന്നു. 1368 കേസുകൾ ഇത് സംബന്ധിച്ച് സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. കേസിലെ സുപ്രധാനമായ ഒരു നടപടിയാണ് ഇ.ഡി ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.
Content highlights:ED confiscated assets worth Rs 31 crore in Popular finance fraud