കൊച്ചി: സംസ്ഥാനത്തെപ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. സിബിഎസ്ഇ മാനേജ്മെന്റുകളുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നിലവിലുള്ള സമ്പ്രദായം തുടരാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
പ്ലസ്ടു മാർക്കും എൻട്രൻസ് മാർക്കും പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരേയായിരുന്നു ഹർജി. എന്നാൽ ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച് ഒരു തീർപ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. 2004ൽ തന്നെ സമാനമായ ഒരു ആവശ്യം ഉയർന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
പ്രൊഫഷണൽ കോഴ്സുകൾക്ക് നിലവിലുള്ള പ്ലസ് ടു മാർക്കിനൊപ്പം എൻട്രൻസ് മാർക്കും ചേർത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ സിബിഎസ്ഇ വിദ്യാർഥികൾ പിന്നാക്കം പോകുന്നു എന്നതാണ് പ്രധാന പരാതി. ഇതിനെ തുടർന്നാണ് എൻട്രൻസ് റാങ്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
Content Highlights:Professional Course Admission: High Court rejected the petition