തിരുവനന്തപുരം: സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഏറ്റുമുട്ടിയ വിഷയങ്ങളിലൊന്നാണ് തിരുവനന്തപുരം വിമാനത്താവളം. ഇതിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ടുള്ള അസ്വാരസ്യങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയും കൂടുതൽ ലാഭം നേടാനും തിരുവനന്തപുരം ജില്ലയിൽ തന്നെ മറ്റൊരു വിമാനത്താവളം കൂടി നിർമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുകയാണ്.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്താൽ പോലും കൂടുതൽ യാത്രക്കാർ വന്നാൽ മാത്രമേ അദാനിക്ക് ഇതിൽ നിന്ന് ലാഭമുണ്ടാക്കാനാകു. എന്നാൽ കൂടുതൽ യാത്രക്കാരെത്തുമ്പോൾ അതിനനുസരിച്ച് വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളും ടെർമിനലുകളുടെ സൗകര്യങ്ങളും വർധിപ്പിക്കണം.
നിലവിലെ സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങൾക്ക് വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭിക്കുക എന്നത് ദുഷ്കരമാണ്. തിരുവനന്തപുരം നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ സ്ഥലമേറ്റെടുപ്പ് പ്രശ്നമായി മാറും. ഇതിന് പുറമെയാണ് സുരക്ഷാ കാരണങ്ങൾ കൊണ്ടുള്ള ഭീഷണിയും.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് അദാനി ഗ്രൂപ്പിന്റെ പ്രത്യേക സംഘം തലസ്ഥാനത്തെത്തിയിരുന്നു. ഇവർ നടത്തിയ പഠന റിപ്പോർട്ടിൽ രണ്ടാം വിമാനത്താവളത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പ് പുതിയ വിമാനത്താവളത്തിന്റെ സാധ്യതയും അതിന് അനുയോജ്യമായ സ്ഥലവും കണ്ടെത്താൻ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.
കുറഞ്ഞത് 2000 ഏക്കർ ഭൂമിയെങ്കിലും വിമാനത്താവളത്തിനായി വേണ്ടിവരും. ഇതിനായുള്ള പദ്ധതി തയ്യാറാക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
തലസ്ഥാനത്ത് രണ്ടാം വിമാനത്താവളം എന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. 2010 മുതൽ തന്നെ ഇത്തരമൊരാവശ്യം നിലനിന്നിരുന്നു. അന്തരിച്ച ഗുരുപ്രസാദ് മഹാപത്ര എയർപോർട്ട് അതോറിറ്റി ചെയർമാൻ ആയിരുന്ന സമയത്ത് ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് വർഷങ്ങൾക്ക് മുമ്പ് ചില സംഘടനകൾ അദ്ദേഹത്തിന് നിവേദനം നൽകിയിരുന്നു.
അന്ന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടായിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ സർക്കാർ മെല്ലെ പിന്മാറി. പുതിയ വിമാനത്താവളം വന്നാലും രണ്ടാമത്തേത് നിലവിലെ വിമാനത്താവളത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതായിരിക്കും. അതിനാൽ തന്നെ നിലവിലെ നടത്തിപ്പ് കരാർ പ്രകാരം അതും അദാനിയുടെ കൈവശമെത്തുമെന്നതാണ് കാരണം.
എന്നാൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി എയർപോർട്ട് അതോറിറ്റിയെ കൊണ്ട് വിമാനത്താവളം നിർമിക്കാൻ ശ്രമിച്ചാലും സ്ഥലം ഏറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. നിലവിലെ സാഹചര്യത്തിൽ അത് സംഭവിക്കാൻ സാധ്യതയില്ല. രണ്ടാം വിമാനത്താവളത്തിനായി മുമ്പ് ശ്രമം നടത്തിയപ്പോൾ കാട്ടാക്കട, പാറശ്ശാല, നാവായിക്കുളം എന്നിവിടങ്ങളിൽ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ നിലവിലെ അവസ്ഥ എപ്രകാരമെന്ന് വ്യക്തമല്ല.