പാല: നാർക്കോട്ടിക് ജിഹാദ് വിവാദം കത്തിനിൽക്കെ മന്ത്രി വി.എൻ. വാസവൻപാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദർശിച്ചു. നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന വിവാദം സൃഷ്ടിച്ചശേഷം ഇതാദ്യമായാണ് ഒരു സർക്കാർ പ്രതിനിധി ബിഷപ്പിനെ സന്ദർശിക്കുന്നത്.
അനുനയശ്രമവുമായി കോൺഗ്രസ് നേതാക്കൾ എത്തിയതിന് പിറകെയാണ് മന്ത്രിയുടെ സന്ദർശനം. കാലത്ത് ബിഷപ്പ് ഹൗസിലെത്തിയ മന്ത്രി ബിഷപ്പുമായും പുരോഹിതരുമായും ചർച്ച നടത്തി. മന്ത്രിയെ കൂടാതെ എംജി.സർവകലാശാല മുൻവൈസ് ചാലൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗവുമായ സിറിയക് തോമസും ചർച്ചയിൽ പങ്കെടുത്തു.
എന്നാൽ, നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച വിവാദമൊന്നും ബിഷപ്പുമായുള്ള ചർച്ചയിൽ വിഷയമായില്ലെന്ന് മന്ത്രി പറഞ്ഞു. ബിഷപ്പിന്റെ വിവാദപ്രസംഗം ഒരു അടഞ്ഞ അധ്യായമാണെന്നും തന്റേത് ഒരു സൗഹൃദസംഭാഷണം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
ഞാൻ ഇവിടെ പുതിയ ആളല്ല. നേരത്തെയും പലവട്ടം വന്നിട്ടുണ്ട്. പിതാവിനോടൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരം വരെയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വരാൻ ശ്രമിച്ചിരുന്നു. എന്നാൽ, പിതാവിനെ കാണാൻ കഴിഞ്ഞില്ല. ഫോണിൽ സംസാരിച്ചിരുന്നു. സാധാരണനിലയിൽ മന്ത്രിസഭയുടെ കാര്യങ്ങളുമായി തിരുവനന്തപുരത്ത് തിരക്കായിരിക്കും. ഇപ്പോൾ എന്റെ മണ്ഡലത്തിലെ സ്കൂളുകളുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് വരേണ്ടിവന്നു. അതിന്റെ ഇടവേളയിലാണ് ഇപ്പോൾ ബിഷിപ്പിനെ സന്ദർശിക്കുന്നത്. ആശുപത്രിയുടെയും പാലത്തിന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാമാണ് ഞങ്ങൾ സംസാരിച്ചത്. നാർക്കോട്ടിക് വിവാദം സംബന്ധിച്ച് ബിഷപ്പ് പരാതിയൊന്നും പറഞ്ഞില്ല. അതൊരു അടഞ്ഞ അധ്യായമാണ്. അത് ചർച്ചയായതേയില്ല. ബിഷപ്പിന് പരാതി പറയേണ്ട കാര്യമില്ല. അത് ചർച്ചയാകേണ്ട ഒരു സാഹചര്യമില്ല. വളരെ പാണ്ഡിത്യമുളള ആളാണ് ബിഷപ്പ്. ബൈബളിലും ഖുറാനിലും ഗീതയിലുമെല്ലാം നന്നായി പഠിച്ചിട്ടുള്ളയാളാണ്. ഞങ്ങൾ ഇതു സംബന്ധിച്ച് നേരത്തെ തന്നെ ചർച്ചകൾ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച സർക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഈ വിഷയത്തിൽ ചേരിതിരിവുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് സർക്കാരിന്റെ നിലപാട്. അതിൽ സർക്കാർ പിന്നോട്ടുപോവില്ല.വർഗീയവാദികളും തീവ്രവാദികളുമാണ് ഇത്തരത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇവരുമായി സന്ധി ചെയ്യാൻ സർക്കാർ തയ്യാറല്ല-വാസവൻ പറഞ്ഞു.
നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് ഒരാഴ്ചയ്ക്കുശേഷമാണ് മന്ത്രിയുടെ വരവ്. വിഷയം ചർച്ച ചെയ്തില്ലെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗം തന്നെയാണ് മന്ത്രിയുടെ സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ സർക്കാർ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രൂക്ഷമായി വിമർശിച്ചിരുന്നു. ഇരുവരും ഇരു സമുദായ നേതാക്കളെയും ചെന്നുകണ്ട് അനുനയശ്രമങ്ങൾ നടത്തുകയും ചെയ്തു. ഒരാഴ്ചക്കാലമായി കോട്ടയത്ത് ഉണ്ടായിട്ടും വിഷയത്തിൽ ഇടപെടാതിരുന്ന മന്ത്രി പെട്ടന്ന് ഇത്തരത്തിലുള്ള ഒരു സന്ദർശനം നടത്താനുള്ള കാരണവും ഇതുതന്നെയാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബിഷപ്പിനെ സന്ദർശിച്ചശേഷം മന്ത്രി മറ്റ് മതനേതാക്കളെയും സന്ദർശിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ച് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.
Content Highlights:Minister VNVasavan Visits Pala Bishop in the wake of narcotic jihad controversy