ന്യൂഡൽഹി
ലഖ്നൗവിൽ വെള്ളിയാഴ്ച ചേരുന്ന 45–-ാമത് ജിഎസ്ടി കൗൺസിൽ യോഗം പെട്രോൾ–- ഡീസൽ നികുതിനിരക്ക് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. രണ്ടാം വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോവിഡ് മരുന്നുകൾക്ക് അനുവദിച്ചിരുന്ന ജിഎസ്ടി ഇളവ് ഡിസംബർ 31 വരെ നീട്ടാൻ ജിഎസ്ടി കൗൺസിൽ തീരുമാനിക്കും. നിലവിൽ സെപ്തംബർ 30 വരെയാണ് ഇളവ്.
ഭക്ഷണ വിതരണ ആപ്പുകളുടെ സേവനത്തിന് നികുതി ചുമത്തുന്നതും പരിഗണിക്കും. ആപ് വഴി ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങൾക്ക് അഞ്ച് ശതമാനമാണ് നിലവിൽ നികുതി. എന്നാൽ, പല റെസ്റ്റോറന്റുകളും നികുതി ഈടാക്കുന്നില്ല. പ്രതിവർഷം 2000 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുന്നെന്ന വിലയിരുത്തലിലാണ് പുതിയ നികുതിയെക്കുറിച്ചുള്ള ആലോചന.പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടുവരുന്നത് കേരള ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നത്.