ന്യൂഡൽഹി
സുപ്രീംകോടതി റദ്ദാക്കുമെന്ന് വാക്കാല്‍ നിരീക്ഷിച്ച നിയമം പിന്‍വലിക്കില്ലെന്ന് സൂചന നല്കി അതേ നിയമപ്രകാരം പുതിയ ചട്ടമിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ ട്രിബ്യൂണലുകളിൽ ചെയർമാന്റെയും അംഗങ്ങളുടെയും നിയമനത്തിന് യോഗ്യത നിശ്ചയിച്ചാണ് ട്രിബ്യൂണൽ (കണ്ടീഷൻസ് ഓഫ് സർവീസ്) റൂൾസ് 2021 വിജ്ഞാപനം ചെയ്തത്.
തന്നിഷ്ടപ്രകാരം നിയമനം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെ അതിശക്തമായി വിമര്‍ശിച്ച സുപ്രീംകോടതി ട്രിബ്യൂണൽസ് പരിഷ്കരണ നിയമം റദ്ദാക്കാനും മടിക്കില്ലെന്ന് തുടര്‍ച്ചായി രണ്ടാംദിവസവും പരാമര്‍ശം നടത്തി. എന്നാല്‍ വ്യാഴം വൈകിട്ടോടെ ഇതേ നിയമത്തിന്റെ മൂന്നാംവകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് യോഗ്യതചട്ടം ഇറക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ, ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ, കസ്റ്റംസ് എക്സൈസ് സർവീസ് ടാക്സ് ട്രിബ്യൂണൽ, റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ തുടങ്ങിയവയില്‍ ബാധകമാകുന്ന യോഗ്യത വ്യവസ്ഥ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിമര്‍ശം ഏറ്റുവാങ്ങിയെങ്കിലും ട്രിബ്യൂണല്‍ നിയമനത്തില്‍ പിന്നോട്ടില്ലെന്ന പ്രഖ്യാപനമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്ര നടപടയില്‍ സുപ്രീംകോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാകും.
ജസ്റ്റിസ് ചീമയ്ക്ക് തുടരാം
നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) ആക്ടിങ് ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ജസ്റ്റിസ് അശോക് ഇഖ്ബാൽസിങ് ചീമയെ നീക്കിയ നടപടി പിൻവലിച്ച് കേന്ദ്ര സർക്കാർ. ജസ്റ്റിസ് ചീമയെ ഏകപക്ഷീയമായി മാറ്റിയതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചതോടെയാണിത്. തിങ്കൾവരെ ജസ്റ്റിസ് ചീമയ്ക്ക് തുടരാമെന്നും അദ്ദേഹം വിധി പറയാൻ മാറ്റിയ അഞ്ച് കേസിൽ വിധി പറയാമെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. ഈ മാസം 20 വരെ സേവനകാലയളവുള്ളപ്പോൾ പെട്ടെന്ന് ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ തുറന്നടിച്ചതോടെയാണ് കേന്ദ്രം നിലപാട് തിരുത്തിയത്.
വാദംകേൾക്കുന്നതിനിടെ ട്രിബ്യൂണൽ പരിഷ്കരണ നിയമം 2021 സ്വമേധയാ സ്റ്റേ ചെയ്യാൻ മടിക്കില്ലെന്ന് സുപ്രീംകോടതി വ്യാഴാഴ്ചയും വാക്കാൽ നിരീക്ഷിച്ചു. മദ്രാസ് ബാർ അസോസിയേഷൻ കേസിൽ കോടതി റദ്ദാക്കിയ പല വിവാദ വ്യവസ്ഥയും ഉള്‍പ്പെടുത്തി കേന്ദ്രം ട്രിബ്യൂണൽ പരിഷ്കരണ നിയമം കൊണ്ടുവന്നതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.