കേപ് കനവെറൽ
സാധാരണക്കാരായ നാലുപേരെ ബഹിരാകാശത്ത് എത്തിച്ച് സ്പെയ്സ്എക്സ്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമുള്‍പ്പെട്ട സംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനും 160 കിലോമീറ്റർ മുകളിൽ മൂന്നുദിവസം ഭൂമിയെ ചുറ്റും. അമേരിക്കയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറുടെ സഹായിയായ ഹെയ്ലി ആർസിനോ (29), ശാസ്ത്ര അധ്യാപികയായ സിയാൻ പ്രോക്ടർ (51) എന്നിവരാണ് സംഘത്തിലെ സ്ത്രീകള്‍. ഡാറ്റ എൻജിനിയർ ക്രിസ് സെംബ്രോസ്കി (42) മൂന്നാമന്. പൈലറ്റുകൂടിയായ വ്യവസായി ജാറെഡ് ഐസക്മാൻ (38) ആണ് സംഘത്തെ നയിക്കുന്നത്. ആറുമാസംമുമ്പ് തീരുമാനിച്ച യാത്രയ്ക്ക് ചുരുങ്ങിയ കാലത്തെ പരിശീലനംമാത്രമാണ് ഇവർക്ക് ലഭിച്ചത്.
കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ 5.30നാണ് സ്പെയ്സ് എക്സിന്റെ ബഹിരാകാശ തളികയായ ക്യാപ്സൂമായി ഫാൽക്കൺ 9 റോക്കറ്റ് പറന്നുയർന്നത്. മൂന്നുദിവസത്തെ യാത്രയ്ക്കുശേഷം ഫ്ലോറിഡ് തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ തിരിച്ചിറങ്ങും. ശതകോടീശ്വരനായ ഇലോണ്‍ മാസ്കിന്റെ ബഹിരകാശ കമ്പനിയാണ് സ്പെയ്സ്എക്സ്.