കോഴിക്കോട്: കാസർകോട് ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ട്രുനാറ്റ് പരിശോധനയുടെ ഫലമാണ് നെഗറ്റീവായത്. ആർടിപിസിആർ പരിശോധന ഫലം രാത്രി വൈകി ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ആശങ്ക വേണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്. തലച്ചോറിൽ ബാധിച്ച പനിയാണ് മരണ കാരണം. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. നിപ ആണോയെന്ന് സംശയിച്ചാണ് സാമ്പിൾ പരിശോധനക്കയച്ചത്.