എറണാകുളം:തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ തോൽവിക്ക് കാരണംആർഭാട വിവാഹമാണെന്ന സിപിഐവിമർശനത്തെ പരിഹസിച്ച് മൂവാറ്റുപുഴ മുൻ എംഎൽഎ എൽദോ എബ്രാഹം. മകളുടെ മാമോദീസ ലളിതമായി നടത്തിയെന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ്എൽദോയുടെ പരോക്ഷ പരിഹാസം.
എൽദോ എബ്രാഹമിന്റെ ആർഭാട കല്ല്യാണമാണ് തോൽവിക്ക് കാരണമായതെന്ന് സിപിഐ ജില്ലായോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യം കാണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന കൗൺസിലിന് റിപ്പോർട്ടും നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് മകളുടെ മാമോദീസ ചടങ്ങ് ലളിതമായി നടത്തിയെന്ന കുറിപ്പ് എൽദോ എബ്രാഹം പങ്കുവെച്ചത്.
മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത, ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എൽദോ എബ്രാഹം പങ്കുവെച്ച കുറിപ്പ്
മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..
ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….
ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.
എലൈൻ എന്നാൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ
ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും.
എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ… മാലാഖ…. പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി…..