ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി ഷൊർണ്ണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കൽ ജയപ്രകാശൻ നമ്പൂതിരി (52)യെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേയ്ക്കാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ആദ്യമായാണ് ജയപ്രകാശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയാകുന്നത്. 26-ാം തവണ നൽകിയ അപേക്ഷയിലാണ് നറുക്ക് വീണത്.
26 വർഷമായികുളപ്പുള്ളിയിൽ പോസ്റ്റ് മാസ്റ്ററാണ്. പാരമ്പര്യ ക്ഷേത്രമായ ചുടുവാലത്തൂർ ക്ഷേത്രത്തിൽ 25 വർഷമായി പൂജ നിർവഹിക്കുന്നു. തെക്കേപ്പാട്ട് മനയിൽ പരേതനായ നാരായണൻ നമ്പൂതിരിയുടെയും, ശ്രീകൃഷ്ണപുരം വടക്കേടത്ത് മനയിൽ പാർവതീദേവി അന്തർജനത്തിന്റെയും മകനാണ്. പ്രഭാപുരം എം.എം.ഐ.ടി.ഇ. ടി.ടി.സി. സ്ക്കൂളിന്റെ പ്രിൻസിപ്പാൾ വിജിയാണ് ഭാര്യ. പ്രവിജിത്ത് ഏകമകനാണ്.
നമസ്ക്കാരമണ്ഡപത്തിൽ മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി വെളളിക്കുംഭത്തിൽ നിന്ന് നറുക്കെടുത്തു.
തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരും ദേവസ്വം ഭരണസമിതിയംഗങ്ങളും സന്നിഹിതരായിരുന്നു. നിയുക്ത മേൽശാന്തി സെപ്റ്റംബർ 30-ന് രാത്രി ചുമതലയേൽക്കും. അതിനുമുന്പ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
Content highlights: Thekkeppatt Jayaprakasan Namboothiri to be guruvayoor melshanti