കൊച്ചി
ആഗോളതാപനത്തിൽ ധ്രുവങ്ങളിലെ മഞ്ഞുരുകുന്നത് മൺമറഞ്ഞുപോയ പല വൈറസുകളും തിരിച്ചുവരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനറിപ്പോർട്ട്. ഹിമഭൂമി ഉരുകുന്നത് അന്തരീക്ഷത്തിലെ ഓസോൺ പാളികളിൽ വിള്ളൽ വർധിപ്പിക്കുമെന്നും ഐപിസിസി (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) റിപ്പോർട്ട്.
ധ്രുവങ്ങളിലെ ഹിമഭൂമി കുറഞ്ഞതാണ് ശാസ്ത്രജ്ഞരെ ഇത്തരമൊരു പഠനത്തിന് പ്രേരിപ്പിച്ചത്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ജീവജാലങ്ങൾ ഇപ്പോൾ മണ്ണിൽ ‘അതിശീതീകൃത’ അവസ്ഥയിലാണ്. ഭൂഗോള വിസ്തീർണത്തിന്റെ 15 ശതമാനം ഹിമഭൂമിയാണ്. ഇത് 23 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികംവരും. സുഷുപ്തിയിൽ ആണ്ടുകിടക്കുന്ന പല ജൈവവസ്തുക്കളും മഞ്ഞ് ഉരുകുന്നതുമൂലം പുറത്തുവരും. പണ്ട് പല മഹാമാരികൾക്കും കാരണമായ ബാക്ടീരിയകളും വൈറസുകളും കൂടുപൊളിച്ച് പുറത്തെത്തും. അപകടകാരികളല്ലാതെ ഭൂമിക്കടിയിൽ ഉറങ്ങിക്കിടന്ന ഇവ പുറത്തുവരുമ്പോൾ മനുഷ്യൻ മറന്ന പല മഹാമാരികളും തിരിച്ചുവരാൻ സാധ്യതയുണ്ടെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് കുസാറ്റിലെ ഗവേഷകനായ ഡോ. എം ജി മനോജ് പറഞ്ഞു.
മഞ്ഞുരുകുന്നത് മീഥൈൻ വാതകം പുറത്തേക്ക് തള്ളുന്നതിന്റെ അളവ് കൂട്ടും. ഓസോൺ പാളികളിലെ വിള്ളലിന് കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 20 മുതൽ 30 ഇരട്ടിവരെ കാരണമാകുന്ന വാതകമാണ് മീഥൈൻ. ഇപ്പോൾ ഹിമഭൂമിയിലുള്ള കാർബണിന്റെ അളവ് ഏകദേശം 1500 ബില്യൺ ടണ്ണും ഭൂമിയുടെ മുകളിലുള്ള കാർബണിന്റെ അളവ് മൂന്നു മീറ്ററിൽ 1000 ബില്യൺ ടണ്ണുമാണ്. ഹിമഭൂമിയിൽ റോഡുകളോ കെട്ടിടങ്ങളോ നിർമിച്ച രാജ്യങ്ങളെ ഇത് വളരെ വേഗം ദോഷമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.