തിരുവനന്തപുരം
കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഓരോരുത്തരായി പാർടി വിട്ടതോടെ കെപിസിസി വെള്ളത്തിലിട്ട ഉപ്പുചാക്കിന്റെ അവസ്ഥയിലായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൽനിന്ന് രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറിനെ സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
സമീപകാലത്ത് ആദ്യമായാണ് മൂന്ന് കെപിസിസി ഭാരവാഹികൾ സിപിഐ എമ്മിനൊപ്പം ചേരുന്നത്. സംശയദൃഷ്ടിയോടെ സിപിഐ എമ്മിനെ കണ്ടിരുന്നവർപോലും പാർടി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ രാഷ്ട്രീയമാണ് ശരിയെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തോടൊപ്പം ചേരുകയാണ്. സിപിഐ എമ്മിലേക്ക് വരുന്നവരെ ആക്ഷേപിക്കുന്ന കോൺഗ്രസ് നേതൃത്വം ബിജെപിയിലേക്ക് പോകുന്നവരെ ഒന്നും പറയുന്നില്ല.
യുഡിഎഫിലെ ഘടകകക്ഷികളെ എടുക്കുന്ന കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. യുഡിഎഫിൽ ആർഎസ്പി അസ്വസ്തരാണല്ലോ എന്ന ചോദ്യത്തിന് ‘തൽക്കാലം അവർ അവിടെ നിൽക്കട്ടെ. അനുഭവത്തിൽനിന്ന് പാഠംപഠിക്കട്ടെ’ എന്നും കോടിയേരി പറഞ്ഞു.