സോൾ
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും. ദക്ഷിണ കൊറിയ ആദ്യമായി വെള്ളത്തിനടിയിൽനിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ബുധൻ പകലാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്.
മുങ്ങിക്കപ്പലിൽനിന്ന് മുൻനിശ്ചയിച്ച ലക്ഷ്യത്തിലേക്കായിരുന്നു ഉച്ചകഴിഞ്ഞ് പരീക്ഷണം. പുറത്തുനിന്നുള്ള ഭീഷണി ചെറുക്കാൻ മിസൈലുകൾ കൊറിയയെ സഹായിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ബുധൻ രാവിലെ ഉത്തര കൊറിയ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. 800 കിലോമീറ്റർ സഞ്ചരിച്ച് മിസൈലുകൾ കൊറിയൻ ഉപഭൂഖണ്ഡത്തിനും ജപ്പാനുമിടയിൽ കടലിൽ പതിച്ചു. തിങ്കളാഴ്ച ഉത്തര കൊറിയ ദീർഘദൂര ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.