വാഷിങ്ടണ്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഎസ് സംയുക്തസേനാ മേധാവി രണ്ടുതവണ ചൈനീസ് സേനാ തലവനെ ഫോണില്‍ വിളിച്ചിരുന്നതായി റിപ്പോര്‍ട്ട്. പരാജയം മുന്നില്‍ക്കണ്ട് ഡോണൾഡ് ട്രംപ് ചൈനയ്ക്കെതിരെ യുദ്ധം ആരംഭിച്ചേക്കുമെന്ന ആശങ്കയകറ്റാനാണ് തെരഞ്ഞെടുപ്പിന് നാല് ദിവസംമുമ്പും കാപിറ്റോള്‍ ആക്രമണത്തിന് രണ്ടു ദിവസം ശേഷവും യുഎസ് സംയുക്തസേനാ തലവൻ ജനറൽ മാർക് മിലീ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറല്‍ ലി സുവോചെങ്ങിനെ ഫോണില്‍ വിളിച്ചത്. വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമ പ്രവര്‍ത്തകരായ ബോബ് വൂഡ്വാര്‍ഡ്, റോബര്‍ട്ട് കോസ്റ്റ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘പെറിൾ’ എന്ന പുസ്തകത്തില്‍ പറയുന്നു.
അമേരിക്ക ചൈനയെ ആക്രമിക്കില്ലെന്നും യുദ്ധസാധ്യത ഉണ്ടായാല്‍ അക്കാര്യം മുൻകുട്ടി അറിയിക്കാമെന്നും മാര്‍ക്ക് മിലീ ചൈനീസ് സൈന്യാധിപനെ അറിയിച്ചതായി പുസ്തകത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ട്രംപിന്റെ മാനസികനില തകരാറിലായെന്ന ആശങ്ക പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുമായി മിലീ പങ്കുവച്ചതായും അടുത്താഴ്ച പുറത്തിറങ്ങുന്ന പുസ്തകത്തിൽ പറയുന്നു.