ഐക്യരാഷ്ട്ര കേന്ദ്രം
ജമ്മു കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ മേധാവി മിഷേൽ ബാഷ്ലെയുടെ പ്രസ്താവന നിരാശാജനകമെന്ന് ഇന്ത്യ.
മേഖലയിൽ യുഎപിഎ ചുമത്തുന്നതും ഇടയ്ക്കിടെ വാർത്താവിനിമയ ബന്ധം വിച്ഛേദിക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നടപടികൾ ആശങ്കാജനകമാണെന്ന് അവർ തിങ്കളാഴ്ച പറഞ്ഞിരുന്നു. പരാമർശം അനാവശ്യവും യാഥാർഥ്യവുമായി ബന്ധമില്ലാത്തതുമാണെന്ന് വിദേശമന്ത്രാലയ സെക്രട്ടറി റീനത്ത് സന്ധു പറഞ്ഞു. കമീഷൻ യോഗത്തിൽ ഇന്ത്യയുടെ പ്രസ്താവന വായിക്കുകയായിരുന്നു അവർ.
യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാനെയും ഇസ്ലാമിക സഹകരണ സംഘടനയേയും (ഒഐസി) ഇന്ത്യ വിമർശിച്ചു. ഭീകരവാദത്തിന്റെ കേന്ദ്രസ്ഥാനമായ പാകിസ്ഥാനിൽനിന്ന് ഇന്ത്യക്ക് പാഠം പഠിക്കേണ്ടതില്ലെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരം കമീഷൻ ഫസ്റ്റ് സെക്രട്ടറി പവൻ ബാഡെ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ ഒഐസിക്ക് അവകാശമില്ല. വിഷയത്തിൽ ഒഐസി ഇസ്ലാമാബാദിന്റെ ബന്ദിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.