പുണെ
അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ ശാസ്ത്രപ്രചാരകൻ ഡോ. നരേന്ദ്ര ധാബോൽക്കറെ വെടിവച്ചുകൊന്ന കേസിൽ തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ അഞ്ചു ഭീകരർക്കെതിരെ യുഎപിഎ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി കുറ്റം ചുമത്തി. വീരേന്ദ്ര സിൻഹ് താവ്ഡെ, ശരത് കലാസ്കർ, സച്ചിൻ അൻഡൂറെ, വിക്രം ഭാവെ എന്നിവർക്കെതിരെ കൊലപാതകം, ഗൂഢാലോചന, ആയുധ നിയമം, യുഎപിഎ 16–-ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. മറ്റൊരു പ്രതിയായ അഡ്വ. സഞ്ജീവ് പുനലേക്കർ കുറ്റവാളികളെ സംരക്ഷിക്കാൻ വ്യാജ തെളിവുകൾ ചമച്ചെന്ന് കോടതി കണ്ടെത്തി. കൂടുതൽ സമയം വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി എസ് ആർ നവാന്ദാർ അനുവദിച്ചില്ല.
2013 ആഗസ്ത് ഇരുപതിനാണ് ഹിന്ദുത്വ തീവ്രവാദികൾ ധാബോൽക്കറെ വെടിവച്ചുകൊന്നത്. എട്ടു വർഷത്തിനുശേഷമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. വിചാരണ നടപടികൾ 30നു തുടങ്ങും. സിബിഐ അന്വേഷണം അകാരണമായി വൈകുന്നതിനെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.