ന്യൂഡൽഹി
കോർപറേറ്റുകൾക്ക് വന്‍ ഇളവുമായി, രാജ്യത്തിന്റെ ജീവനാഡിയായ ടെലികോം മേഖല പൂര്‍ണമായി തുറന്നിട്ട് കേന്ദ്രസര്‍ക്കാര്‍. ഇനി ടെലികോം കമ്പനികൾക്ക് പ്രത്യേക അനുമതിയില്ലാതെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) സ്വീകരിക്കാം. ഇതടക്കം ഘടനാപരമായ ഒമ്പത് പരിഷ്കാരത്തിനും നടപടിക്രമങ്ങളിലെ അഞ്ച് പരിഷ്കാരത്തിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നിലവിൽ 49 ശതമാനത്തിൽ കൂടുതൽ എഫ്ഡിഐ സമാഹരിക്കാൻ കമ്പനികള്‍ റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതി വാങ്ങണം. വൊഡാഫോൺ ഐഡിയയും ഭാരതി എയർടെല്ലും അടക്കം കൂടുതൽ എഫ്ഡിഐയ്ക്ക് ശ്രമിക്കവെയാണ് കേന്ദ്ര നടപടി.
കമ്പനികൾ വരുമാനത്തിൽനിന്ന് കേന്ദ്രസർക്കാരിനു പങ്കിട്ട് നൽകേണ്ട തുകയുടെയും സ്പെക്ട്രം വിലയുടെയും കുടിശ്ശിക അടയ്ക്കുന്നതിനു നാല് വർഷം മൊറട്ടോറിയം പ്രഖ്യാപിച്ചു. സ്പെക്ട്രം വില, ലൈസൻസ് ഫീസ് ഇനത്തിൽ വൊഡാഫോണും എയർടെല്ലുംകൂടി ഒന്നരലക്ഷം കോടിയോളം രൂപയാണ് കേന്ദ്രത്തിനു നൽകാനുള്ളത്. പങ്കിടേണ്ട വരുമാനത്തിന്റെ പരിധിയിൽനിന്ന് കമ്പനികളുടെ ടെലികോംഇതര വരുമാനം ഒഴിവാക്കി. ലൈസൻസ് ഫീസിനും ഇതര ലെവികൾക്കും നൽകേണ്ട ബാങ്ക് ഗ്യാരണ്ടിയിൽ 80 ശതമാനം കുറവ് വരുത്തി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ലൈസൻസ് എടുക്കുന്നവർ വെവ്വേറെ ഗ്യാരന്റി നൽകേണ്ട.
ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപഭോഗനിരക്ക് എന്നിവ അടയ്ക്കാൻ വൈകിയാലുള്ള പലിശ നാലിൽനിന്ന് രണ്ട് ശതമാനമായി കുറച്ചു. പ്രതിമാസം പലിശ നിശ്ചയിക്കുന്നതിനു പകരം പ്രതിവർഷ അടിസ്ഥാനത്തിലാക്കി. പിഴയും പിഴപ്പലിശയും ഉപേക്ഷിച്ചു. ഗഡുക്കളായി പണം അടയ്ക്കാനുള്ള സൗകര്യം ഉറപ്പാക്കാൻ ഇനി ബാങ്ക് ഗ്യാരന്റി നൽകേണ്ട. 20 വർഷത്തേക്ക് നൽകിവന്നിരുന്ന സ്പെക്ട്രം 30 വർഷത്തേക്ക് നൽകും. ഭാവിലേലങ്ങളിൽ ലഭിക്കുന്ന സ്പെക്ട്രം 10 വർഷം കഴിഞ്ഞാൽ മടക്കിനൽകാം. പുതുതായി നൽകുന്ന സ്പെക്ട്രത്തിനു ഉപഭോഗ നിരക്ക് ഒഴിവാക്കി. കമ്പനികൾ സ്പെക്ട്രം പങ്കിട്ടാൽ നൽകേണ്ട അധിക നിരക്ക് ഉപേക്ഷിച്ചു.
നിരക്കുകൾ കുതിച്ചുയരും
രാജ്യത്തെ മുൻനിര കമ്പനികൾ അടക്കം ബഹുരാഷ്ട്ര കോർപറേറ്റുകളുടെ നിയന്ത്രണത്തിലാകാനും ടെലികോം, അനുബന്ധ മേഖലകളിലെ സേവനനിരക്കുകൾ കുതിച്ചുയരാനും 100 ശതമാനം എഫ്ഡിഐ വഴിവയ്ക്കും. വർക്ക് ഫ്രം ഹോം, ഓൺലൈൻ പഠന സംവിധാനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഉപയോക്താക്കള്‍ വൻതോതിൽ ചൂഷണത്തിനു വിധേയരാകും. കോൾ, ഡാറ്റ, വൈഫൈ നിരക്ക് കുതിച്ചുയരും. ടെലികോം മേഖല ബഹുരാഷ്ട്ര കമ്പനികൾ നിയന്ത്രിക്കുന്ന രാജ്യങ്ങളിൽ സേവനങ്ങൾക്ക് തൊട്ടാൽപൊള്ളുന്ന നിരക്കാണ്.