പാർട്ടിയുടെ പൊതു നിലവാരത്തിനൊത്ത വഷള് വർത്തമാനങ്ങളേ ഹരിതയിലെ യുവതികളോട് പറഞ്ഞിട്ടുള്ളൂ എന്നത് കൊണ്ട്, അതിന്മേൽ അവർ പരാതി കൊടുത്തതാണ് തെറ്റ് എന്നേ ഐയുഎംഎലിന്റെ ഇപ്പോഴത്തെ നേതാക്കൾക്ക് തോന്നൂ. അതാണ് ആ പാർട്ടിയെ ഇപ്പോൾ നയിക്കുന്നവരുടെ നിലവാരം. വലിയ വിഭാഗം അണികളുടെയും.
പക്വമായി, ധൈര്യത്തോടെ, കൃത്യമായ കാഴ്ചപ്പാടോടെ നിലപാട് പ്രഖ്യാപിച്ച ‘ഹരിത’യിലെ യുവതികളാണ് ഇന്ന് ലീഗ് അണികൾക്ക് ആ പാർട്ടിയുടെ നേതാക്കൾ ഉണ്ടാക്കിയ നാണക്കേട് മായ്ക്കാൻ പോകുന്നത്, നേതൃത്വത്തിലേക്ക് വളരാൻ പോകുന്നത്. ഒരു പിന്നാക്ക സമുദായത്തെ വിദ്യാഭ്യാസത്തിലൂന്നി മുന്നോട്ട് നയിക്കാൻ ഐയുഎംഎൽ നേതാക്കളേക്കാൾ നേതൃഗുണം ഉള്ളത് ഹരിതയിലെ യുവരക്തങ്ങൾക്ക് ആണെന്ന് തോന്നുന്നു. ഹരിതാഭിവാദ്യങ്ങൾ പെണ്ണുങ്ങളേ. നാളത്തെ ലോകം നിങ്ങളുടേതാണ് എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം ബഷീർ വള്ളിക്കുന്നിന്റെ പ്രതികരണം ഇങ്ങനെ, “ഞങ്ങളല്ല അതിന് മറുപടി പറയേണ്ടത്, വ്യക്തികൾക്കെതിരെയുള്ള പരാതികളെ പാർട്ടിക്കെതിരെയുള്ള പരാതിയായി ചിത്രീകരിച്ചവർ അതിന് മറുപടി പറയട്ടെ” ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഒരു നിമിഷം ആലോചിക്കാതെയുള്ള പ്രതികരണമാണ്.
സിഎച്ച് കണ്ട സ്വപ്നമാണിത്. ഇത് പോലെ സംസാരിക്കുന്ന, ഇത് പോലെ വിദ്യാഭ്യാസമുള്ള, അവകാശങ്ങളെക്കുറിച്ച് ഇത് പോലെ ബോധ്യമുള്ള മുസ്ലിം സമൂഹത്തിലെ പെൺകുട്ടികളെക്കുറിച്ച്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്, അടുക്കളകളിൽ തളച്ചിടപ്പെട്ട ഒരു സമുദായത്തിലെ പെൺകുട്ടികളെക്കുറിച്ചോർത്ത് അദ്ദേഹം ഏറെ നെടുവീർപ്പിട്ടുണ്ടായിരിക്കണം… തീർച്ചയാണ്.
അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, ഈ പെൺകുട്ടികൾക്ക് ഇതുപോലൊരു അപമാനം ആ പാർട്ടിയിൽ നിന്ന് നേരിടേണ്ടി വരില്ലായിരുന്നു. ഇതുപോലൊരു പരാതി അവർക്ക് പറയേണ്ട അവസരം വന്നാൽ അവരെ ആദ്യം നെഞ്ചോട് ചേർത്ത് പിടിക്കുന്നത് സി എച്ച് ആകുമായിരുന്നു. അവരെ അപമാനിച്ചവരെ ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും സി എച്ച് ആകുമായിരുന്നു.
ഈ പെൺകുട്ടികളുടെ സംസാരവും അവരുടെ നിലപാടുകളിലെ കൃത്യതയും പാർട്ടിയോടുള്ള അവരുടെ സ്നേഹവും കാണുമ്പോൾ മനസ്സിലാവുന്നത് ഒരേ ഒരു കാര്യമാണ്, സി എച്ചിന്റെ പിന്മുറക്കാരായി നേതൃനിരയിലുള്ളവർ അദ്ദേഹത്തിന്റെ പാതയിൽ നിന്ന് ബഹുദൂരം പിന്നോട്ട് പോയി. ഈ പെൺകുട്ടികളാകട്ടെ സി എച്ചിന്റെ പാതയിൽ ബഹുദൂരം മുന്നോട്ടും- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.