ലഖ്നൗ > ഉത്തർപ്രദേശിൽ ഡെങ്കിപ്പനി പടർന്ന് മരണങ്ങൾ തുടർക്കഥയായതോടെ ഹൃദയഭേദകമായ വിലാപങ്ങളാണ് പല ആശുപത്രിയിലും. ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികളടക്കം 60 പേർ മരിച്ചു. കഴിഞ്ഞ ദിവസം ഫിറോസാബാദിലെ ആശുപത്രിയിൽ പതിനൊന്നുകാരി വൈഷ്ണവി കുശ്വാഹയുടെ ചികിത്സയ്ക്കായി സഹോദരി നികിത കുശ്വാഹ അധികൃതരുടെ വാഹനത്തിനു മുന്നിൽ ചാടി അപേക്ഷിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
‘സർ, കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ അവൾ മരിക്കും’- സഹോദരിയുടെ ജീവനുവേണ്ടി ആഗ്ര ഡിവിഷണൽ കമീഷണർ അമിത് ഗുപ്തയോട് നികിത യാചിക്കുന്നത് വീഡിയോയിലുണ്ട്. ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സംവിധാനമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസുകാർ ഇടപെട്ട് പെൺകുട്ടിയെ കാറിനു മുന്നിൽനിന്ന് മാറ്റി. മണിക്കൂറുകൾക്കകം വൈഷ്ണവി മരണത്തിനു കീഴടങ്ങി. അനിയത്തിക്ക് ചികിത്സ കിട്ടിയില്ലെന്നും ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നും നികിത ആവശ്യപ്പെട്ടു.
മുംബൈയിൽ 305 രോഗികൾ
മഹാരാഷ്ട്രയിലെ മുംബൈയിൽ ഈ വർഷം ഇതുവരെ 305 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഈ മാസംമാത്രം 85 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ റിപ്പോർട്ടിൽ പറഞ്ഞു.