സെന്റ് പോൾ
2017ല് മിന്നെസോട്ട ഇസ്ലാമിക് സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിലെ മുഖ്യ പ്രതിയെ 53 വർഷം തടവിന് ശിക്ഷിച്ചു. ഇല്ലിനോയിലെ മുസ്ലിംവിരുദ്ധ സംഘത്തിലുൾപ്പെട്ട എമിലി ക്ലെയർ ഹാരിയെയാണ് ശിക്ഷിച്ചത്. മൈക്കൽ ഹാരി എന്ന എമിലി അടുത്തിടെയാണ് ട്രാന്സ്ജെന്ഡര് ആണെന്ന് വെളിപ്പെടുത്തിയത്.
മിന്നെസോട്ട ബ്ലൂമിങ്ടണിലെ ദാര് അല് ഫാറൂഖ് ഇസ്ലാമിക് സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തില് ആരും മരിച്ചിരുന്നില്ല. മുസ്ലിം വിശ്വാസികളെ ഭയപ്പെടുത്താനാണ് അക്രമി സ്ഫോടനം നടത്തിയതെന്നതിന് തെളിവുണ്ടെന്ന് യുഎസ് ജില്ലാ ജഡ്ജി ഡോണൊവൻ ഫ്രാങ്ക് വിധിപ്രസ്താവത്തില് പറഞ്ഞു. ആര്ക്കും അപകടം സംഭവിച്ചില്ല എന്നതിനാല് സംഭവത്തില് ഗൗരവം കുറച്ചു കാണാന് കഴിയില്ല. ഇതില് കുറഞ്ഞ എന്ത് ശിക്ഷയും നിയമത്തോടുള്ള അനാദരവായിരിക്കുമെന്നും ജഡ്ജി പറഞ്ഞു.
മതവിശ്വാസങ്ങൾ സ്വതന്ത്രമായി ആചരിക്കുന്നത് തടസ്സപ്പെടുത്തിയെന്നതുള്പ്പെടെ അഞ്ച് കേസിൽ എമിലിയെ കഴിഞ്ഞ ഡിസംബറിൽ ശിക്ഷിച്ചിരുന്നു. ഇവരെ വനിതാ ജയിലിലേക്ക് മാറ്റാന് ശുപാർശ ചെയ്യുമെന്ന് ജഡ്ജി പറഞ്ഞു.