വാഷിങ്ടണ്
ജോ ബൈഡൻ പ്രസിഡന്റായശേഷമുള്ള ആദ്യ അമേരിക്കന് സന്ദര്ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 24ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയില് പങ്കെടുക്കാൻ അടുത്തയാഴ്ച യുഎസിലേക്ക് പോകും. ഓസ്ട്രേലിയ, ജപ്പാന് പ്രധാനമന്ത്രിമാരും പങ്കെടുക്കും.
യുഎസ് നയിക്കുന്ന നാല് രാഷ്ട്ര കൂട്ടായ്മയാണ് ക്വാഡ്. മാര്ച്ച് 12ന് വെര്ച്വലായി നടത്തിയ ഉച്ചകോടിയിലെ തീരുമാനങ്ങള് നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തും. ഇന്തോ-–-പസഫിക് മേഖലയിൽ ചൈനയെ നേരിടുന്നതായിരിക്കും പ്രധാന ചർച്ചാവിഷയമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പിസാകി പറഞ്ഞു.
മറ്റ് രാജ്യങ്ങളെ ലക്ഷ്യംവച്ച് രൂപീകരിക്കുന്ന സംഘങ്ങള്ക്ക് ഭാവിയുണ്ടാകില്ലെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മൂന്നാംകക്ഷിയെ ലക്ഷ്യംവച്ചാകരുതെന്നും ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷൗ ലിജിയാൻ പ്രതികരിച്ചു. ഏഷ്യ–- പസഫിക്കിലെ സാമ്പത്തികവളർച്ചയ്ക്കും സമാധാനം സംരക്ഷിക്കാനും സുപ്രധാന പങ്ക് വഹിക്കുന്നത് ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.