ന്യൂയോര്ക്ക്
ന്യൂയോര്ക്കില് നടക്കുന്ന 76––ാമത് യുഎന് പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഉന്നതതല പൊതുസംവാദം 21 മുതൽ -27- വരെ നടക്കും. കോവിഡ് പ്രതിരോധം ശക്തമാക്കുക, സുസ്ഥിരത പുനർനിർമിക്കുക, ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുക, ഭൂമിയുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രതികരിക്കുക, ഐക്യരാഷ്ട്രസംഘടനയെ പുനരുജ്ജീവിപ്പിക്കുക എന്നീ ആശയങ്ങളിലൂന്നിയാണ് പൊതുചര്ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് സംസാരിക്കും.
കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്ഷം വെർച്വലായാണ് സമ്മേളനം നടത്തിയത്. മഹാമാരി തുടരുന്നതിനാൽ ഈ വർഷവും താല്പ്പര്യമുള്ള നേതാക്കൾക്ക് റെക്കോഡ് ചെയ്ത വീഡിയോയിലൂടെ അഭിസംബോധന ചെയ്യാൻ അവസരമുണ്ട്. നിലവിലെ പട്ടികയനുസരിച്ച് 109 രാജ്യത്തിന്റെ പ്രതിനിധികൾ നേരിട്ടും 60 രാജ്യം റെക്കോഡ് ചെയ്ത വീഡിയോയിലൂടെയും ചര്ച്ചയിൽ പങ്കെടുക്കും.
ആദ്യമായി പൊതുസഭയെ അഭിസംബോധന ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ന്യൂയോര്ക്കിലെത്തും. അഫ്ഗാൻ നയതന്ത്രജ്ഞനെ അവസാന ദിവസത്തെ അവസാന പ്രഭാഷകനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. മുൻ സര്ക്കാര് നിയമിച്ച അംബാസഡർ ഗുലാം ഇസാക്സായിയാണ് അഫ്ഗാൻ പ്രതിനിധി.