ന്യൂഡൽഹി
ബിജെപി അധികാരത്തിൽ വന്നതോടെ ത്രിപുരയിൽ ഭരണഘടന നിശ്ചലമായെന്ന് മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാർ പറഞ്ഞു. 2018നുശേഷം എല്ലാ തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം ബൂത്തിലും അട്ടിമറി ഉണ്ടായി. പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സിപിഐ എമ്മിന് 16 എംഎൽഎമാരുണ്ട്. ഇവര് സ്വന്തം മണ്ഡലത്തില് പോകുന്നത് തടയുന്നു. മൂന്ന് എംഎൽഎമാരെ മർദിച്ചു. 42 മാസത്തിനിടെ 15 പ്രാവശ്യം തന്നെ തടഞ്ഞെന്നും മണിക് സർക്കാർ വെളിപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പൂജ്യത്തിനും താഴെ. എല്ലാ ജനവിഭാഗങ്ങളെയും വഞ്ചിച്ചു. യാഥാർഥ്യം തുറന്നുപറയുന്ന മാധ്യമങ്ങളെ വേട്ടയാടുന്നു. ബിജെപിയെ വിമർശിക്കുന്ന നാല് മാധ്യമസ്ഥാപനം കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിക്കപ്പെട്ടു. ഒന്നര വർഷത്തിൽ 35 മാധ്യമപ്രവർത്തകർക്ക് ക്രൂരമർദനമേറ്റു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ടു. അഭിഭാഷകരെയും ആക്രമിക്കുന്നു. കോടതിവളപ്പിൽ അടക്കം അഭിഭാഷകരെ തടയുന്നു. ജനങ്ങളെ അണിനിരത്തി ആക്രമണങ്ങൾ ചെറുക്കാനാണ് സിപിഐ എമ്മും ഇടതുമുന്നണിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.