തിരുവനന്തപുരം
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് വാങ്ങിയ കോവിഡ് വാക്സിൻ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരും അതിഥിത്തൊഴിലാളികളും അസംഘടിതമേഖലയിലെ തൊഴിലാളികളുമടക്കമുള്ള അർഹർക്ക് ലഭ്യമാക്കും. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വാക്സിൻ സ്പോൺസർ ചെയ്യാനുള്ള അവസരം കെഎംഎസ്സിഎൽ മുഖാന്തരം ഒരുക്കി.
“സ്പോൺസർ എ ജാബ്’ എന്ന പേരിൽ ആരോഗ്യവകുപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. കെഎംഎസ്സിഎല്ലിന്റെ വെബ്സൈറ്റിൽ സ്പോൺസർ എ ജാബ് എന്ന ഭാഗം തെരഞ്ഞെടുത്ത് ആർക്കും ഇതിന്റെ ഭാഗമാകാം. തദ്ദേശ സ്ഥാപനങ്ങൾക്കും സ്പോൺസറെ കണ്ടെത്താനാകും. ഒരാൾക്ക് 50 ഡോസുവരെ സ്പോൺസർ ചെയ്യാം.
സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്ച്ചയുടെ അടിസ്ഥാനത്തില് ഈ മേഖലയില് വിതരണം ചെയ്യുന്നതിനായി കെഎംഎസ്സിഎൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പത്ത് ലക്ഷം ഡോസ് കോവിഷീല്ഡ് വാക്സിന് വാങ്ങിയിരുന്നു.
ഒരു ഡോസ് 630 രൂപയ്ക്കാണ് വാങ്ങിയത്. സർക്കാർ വാങ്ങുന്ന വാക്സിൻ നിശ്ചയിക്കപ്പെട്ട നിരക്കിൽ സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യുന്നുണ്ട്. തദ്ദേശതലത്തിൽ സൗജന്യ വാക്സിൻ വിതരണം സുഗമമായി നടക്കുന്നതിനാൽ സ്വകാര്യ ആശുപത്രികൾ കൂടുതൽ വാക്സിൻ വാങ്ങാൻ മുന്നോട്ടുവന്നിരുന്നില്ല. 9,93,930 ഡോസ് ബാക്കിയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.