തിരുവനന്തപുരം
കലാപം അടങ്ങാതെ കൂട്ടക്കുഴപ്പത്തിലേക്ക് കൂപ്പുകുത്തുന്ന കോൺഗ്രസിനോട് കെ പി അനിൽകുമാർകൂടി വിടപറഞ്ഞത് പാർടിയിലെ പുതിയ സമവാക്യങ്ങൾക്ക് കനത്ത ആഘാതമായി. പുകഞ്ഞ കൊള്ളി പുറത്ത്, ടാങ്ക് നിറഞ്ഞാൽ തുളുമ്പും എന്നൊക്കെ വിശദീകരിക്കുമ്പോഴും കെ സുധാകരൻ അടക്കമുള്ള നേതാക്കളുടെ ഉള്ള് ആളുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും വിട്ടുപോകുമെന്ന സൂചന ചെറുതായല്ല അലട്ടുന്നത്. കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്, ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ… ഈ പട്ടികയിൽ അടുത്തത് ആര് എന്നതാണ് കോൺഗ്രസ് നേതൃത്വം ആശങ്കയോടെ ഉറ്റുനോക്കുന്നത്.
വെറുമൊരു കോൺഗ്രസ് പ്രവർത്തകനിൽ ഒതുങ്ങുന്നയാളല്ല കെ പി അനിൽകുമാർ. കെപിസിസി പ്രസിഡന്റ് കഴിഞ്ഞാൽ ദീർഘനാൾ തൊട്ടടുത്ത സ്ഥാനത്തിരുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. നാല് കെപിസിസി പ്രസിഡന്റുമാർക്കു കീഴിൽ ജനറൽ സെക്രട്ടറി. നേതൃനിരയിൽ ദശാബ്ദങ്ങളോളം പ്രവർത്തിച്ചാണ് അനിൽകുമാറിന്റെ പടിയിറക്കം. ഡിസിസി പ്രസിഡന്റ് പട്ടികയുടെ പേരിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞപ്പോൾ കണ്ണുരുട്ടിയ ഹൈക്കമാൻഡിനെയും അച്ചടക്കവാൾ വീശിയ കെ സുധാകരനെയും വെല്ലുവിളിച്ചാണ് അനിൽകുമാർ കോൺഗ്രസ് വിട്ടത്.
വാർത്താസമ്മേളനത്തിൽ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ നേതൃത്വത്തിന്റെ മുട്ട് വിറപ്പിക്കുന്നതാണ്. വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയുമെന്ന വെളിപ്പെടുത്തൽ പകരുന്ന ഭീതി ചെറുതല്ല. സംഘപരിവാറിന്റെ മനസ്സുള്ള സുധാകരൻ കോൺഗ്രസിനെ എങ്ങനെ നയിക്കുമെന്ന അനിൽകുമാറിന്റെ ചോദ്യത്തിന് മറുപടി പറയാൻ ഹൈക്കമാൻഡ് ബാധ്യസ്ഥമാണ്. കോൺഗ്രസിനെ ‘സെമി കേഡർ’ രീതിയിലാക്കുമെന്ന സുധാകരന്റെ അവകാശവാദവും അനിൽകുമാർ പൊളിച്ചടുക്കി. പ്രവർത്തിക്കാൻ ‘കേഡർ പാർടി’യുള്ളപ്പോൾ എന്തിന് സെമി കേഡർ ആകണമെന്നാണ് അനിൽകുമാർ ചോദിക്കുന്നത്.
ഡിസിസി പുനഃസംഘടനയെച്ചൊല്ലി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയ പോരാട്ടം അവസാനിച്ച് ഗ്രൂപ്പുകൾ ഇല്ലാതായെന്നും കോൺഗ്രസിന് സുന്ദരകാലം വന്നെന്നും വാഴ്ത്തിയവർക്കും ഞെട്ടലുളവാക്കുന്നതാണ് പുതിയ പൊട്ടിത്തെറി. കെപിസിസി സെക്രട്ടറിക്കു പിന്നാലെ ജനറൽ സെക്രട്ടറിയും കോൺഗ്രസിനോട് വിടപറഞ്ഞ് ചെങ്കൊടിത്തണലിലേക്കാണ് വരുന്നത്.
ആത്മാഭിമാനത്തോടെയുള്ള പൊതുപ്രവർത്തനം ആഗ്രഹിക്കുന്നതിനാലാണ് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന അനിൽകുമാറിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ കേരളത്തിൽ അവർ എൽഡിഎഫ് നേതൃത്വത്തിലുള്ള മതേതരചേരിയിൽ അണിനിരക്കുകയാണ്.