കൊച്ചി
കാലങ്ങളായി മുതുകിലേറ്റുന്ന ഭാരങ്ങളേക്കാൾ, മനസ്സിലടക്കിപ്പിടിച്ചിരുന്ന വലിയൊരു ‘ഭാര’മാണ് ഷിഹാബിന്നിറക്കിവെച്ചത്. രോഗബാധിതനായ മകനൊപ്പം അന്തിയുറങ്ങാൻ ഒരുപിടിമണ്ണില്ലെന്ന വേദനയുടെ ഭാരം ഇന്ന് കൈയിൽകിട്ടിയ പട്ടയത്തിനൊപ്പം അലിഞ്ഞില്ലാതായി.
കാക്കനാട് ഇടച്ചിറ ആഞ്ഞിലിമൂട്ടിൽ ഷിഹാബിനാണ് നാൽപ്പതോളം വർഷത്തെ കാത്തിരിപ്പിനുശേഷം പട്ടയം ലഭിച്ചത്. ഡൗൺ സിൻഡ്രോം ബാധിതനായ മകൻ ആറരവയസ്സുകാരൻ അജുവദിനും ഭാര്യ ഷിൻസിയയ്ക്കുമൊപ്പമാണ് ‘സർക്കാരിന്റെ അനുഗ്രഹം’ വാങ്ങാൻ ഷിഹാബ് ജില്ലാ പട്ടയമേളയിലെത്തിയത്. ഇടച്ചിറയിൽ ലോഡിങ് തൊഴിലാളിയായ ഷിഹാബിന് മകന്റെ ചികിത്സയ്ക്കുതന്നെവലിയൊരു തുകവേണം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അജുവദിന്റെ ചികിത്സ. ബാപ്പയും ഉമ്മയും അഞ്ചുവയസ്സുകാരി മകളും അടങ്ങുന്നതാണ് കുടുംബം. സ്വന്തമായി ഒരുതുണ്ട് ഭൂമിയെന്ന പ്രതീക്ഷ കൈവിട്ടിരുന്നു, ഇപ്പോൾ സഫലമായി. വലിയ സന്തോഷമുണ്ടെന്നും ഷിഹാബും ഷിൻസിയയും പറഞ്ഞു.