തിരുവനന്തപുരം
പുനർഗേഹം പദ്ധതിയിൽ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് നിലവിലെ ഭൂമിയിൽ അവകാശം നിലനിർത്തും. നേരത്തെ അഞ്ചു സെന്റിൽ കൂടുതലുള്ള ഭൂമി വിട്ടുനൽകണമെന്നായിരുന്നു വ്യവസ്ഥ. ഇനി ഭൂമിയുടെ അളവ് പരിഗണിക്കാതെ, ഉടമസ്ഥാവകാശം ഉറപ്പാക്കും. പക്ഷെ നിർമാണം പാടില്ല. കൃഷിക്കും മത്സ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാകുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. തീരദേശ വേലിയേറ്റ മേഖലയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിലെ 18,685 കുടുംബത്തെ പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച് പദ്ധതി മാർഗരേഖയിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.
പദ്ധതിയിൽ ഭൂമിയും വാസയോഗ്യമായ വീടും വാങ്ങുന്ന വ്യവസ്ഥകളിലും മാറ്റം വരുത്തി. 400 ചതുരശ്ര അടി വിസ്തൃതിയെങ്കിലുമുള്ള വീട് വാങ്ങണമെന്നാണ് നിബന്ധന. നേരത്തേ 500 ചതുരശ്ര അടിയായിരുന്നു. ഒരുവർഷത്തിനുള്ളിൽ വിനിയോഗിച്ചില്ലെങ്കിൽ, 18 ശതമാനം പലിശ അടക്കം തുക തിരിച്ചുപിടിക്കണമെന്നതിലും ഇളവ് നൽകും. തൊഴിലാളികൾക്കായി വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് മുൻകൂട്ടി നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നത് മന്ത്രിസഭ പരിഗണിക്കും.
മാറിത്താമസിക്കുന്നതിന് 7716 കുടുംബം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണമന്ത്രി വി എൻ വാസവൻ, റവന്യൂമന്ത്രി കെ രാജൻ തുടങ്ങിയവരും പങ്കെടുത്തു.
584 കുടുംബത്തിന് വ്യാഴാഴ്ച ഗൃഹപ്രവേശം
ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ സുരക്ഷിത കിടപ്പാടം ഉറപ്പായ 584 കുടുംബങ്ങൾക്ക് വ്യാഴാഴ്ച ഗൃഹപ്രവേശം. 308 വീടിന്റെയും 276 ഫ്ളാറ്റിന്റെയും താക്കോൽ കൈമാറൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. തീരദേശ ജില്ലകളിലെ 33 മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ–-സാമൂഹിക നേതൃത്വവും താക്കോൽ കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ തിരുവനന്തപുരം -72, കൊല്ലം- 53, ആലപ്പുഴ 68, എറണാകുളം 12, തൃശൂർ 50, മലപ്പുറം 21, കോഴിക്കോട് 14, കണ്ണൂർ 18 എന്നിങ്ങനെയാണ് വീടുകൾ കൈമാറുന്നത്. മലപ്പുറം പൊന്നാനി (128), തിരുവനന്തപുരം ബീമാപള്ളി (20), കാരോട് (128) ഫ്ളാറ്റുകളുടെ താക്കോൽ കൈമാറ്റവും നടക്കും. നിർമാണം പൂർത്തിയായ 36 എണ്ണം വൈദ്യുതി, വെള്ളം എന്നിവ ഉറപ്പാക്കി ഡിസംബറിൽ കൈമാറും.
കേരളത്തിന്റെ തീരദേശ മേഖലയിൽ വേലിയേറ്റ പരിധിയിൽനിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന 18,685 കുടുംബത്തെ സുരക്ഷ ഉറപ്പാക്കി മാറ്റി പാർപ്പിക്കുന്നതാണ് പദ്ധതി. വ്യക്തിഗത ഭവനനിർമാണം, ഭവനസമുച്ചയം, ഗുണഭോക്താവ് നേരിട്ട് വീടും സ്ഥലവും വാങ്ങൽ എന്നീ രീതികളാണ് സ്വീകരിക്കുന്നത്. 10,909 ഗുണഭോക്താക്കളിൽ 2363 പേർ ഭൂമി കണ്ടെത്തി വില നിശ്ചയിച്ചു. 1746 പേർ രജിസ്ട്രേഷൻ പൂർത്തീകരിച്ചു. 601 പേർ വീട് നിർമിച്ചു. ഇതിൽ 91 പേർ സ്ഥലവും വീടും വാങ്ങിയവരാണെന്നും മന്ത്രി അറിയിച്ചു.