തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ പ്രതിഷേധിച്ച് സംഘടനചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു.
ആയുസ്സിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തിലധികം പ്രവർത്തിച്ച, വിയർപ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തിൽ നിന്ന് വിടപറയുകയാണെന്ന് അനിൽകുമാർ പറഞ്ഞു. ഇന്നത്തോടുകൂടിഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയിൽ വഴി അയച്ചുവെന്നും അനിൽകുമാർ പറഞ്ഞു.
കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിൽ അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാർ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനിൽകുമാർ ആരോപിച്ചിരുന്നത്. ഇതിൽ വിശദീകരണം ചോദിച്ചശേഷം അനിൽകുമാർ നൽകിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. ഇതോടെ പുറത്താക്കൽ നടപടിയുണ്ടായേക്കുമെന്ന സൂചനയ്ക്കിടെയാണ് രാജിപ്രഖ്യാപനം
കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കേയാണ് രാജി.
Content Highlights:K P Anilkumar quits from Congress