തിരുവനന്തപുരം> കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസിൽനിന്ന് രാജിവെച്ചു. 43 വർഷത്തെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിക്കുയാണെന്ന് വാർത്താസമ്മേളനത്തിൽ അനിൽ കുമാർ അറിയിച്ചു. ഡിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് കടുത്ത നിലപാടെടുത്ത അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്ക നടപടിയിൽ വിശദീകരണം നൽകിയിട്ടും സസ്പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിലാണ് രാജി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് രാജിക്കത്ത് നൽകി.
പുതിയ നേതൃത്വം വന്നതോടെ ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നതെന്ന് അനിൽകുമാർ പറഞ്ഞു. നാലാം ക്ലാസിൽ തുടങ്ങിയതാണ് കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം. താൻ അധ്യക്ഷനായിരിക്കെ യൂത്ത് കോൺഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. എന്നിട്ടും പദവികളിലേക്ക് തഴയുകയായിരുന്നു. 2016ലും 2021ലും കൊയ്ലാണ്ടി സീറ്റ് നൽകാതെ തഴഞ്ഞു. 2021ൽ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് പാർടി ആവശ്യപ്പെട്ടു. പിന്നീട് സീറ്റ് നൽകാതെ തഴഞ്ഞു. വട്ടിയൂർക്കാവിൽ സീറ്റ് തരാമെന്ന് പറഞ്ഞത് കൊയ്ലാണ്ടി സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നു.
പാർടിയിൽ നീതി നിഷേധിക്കപെടുമെന്ന ഉത്തമബോധം ഉണ്ട്. കെ സുധാകരൻ പാർടി പിടിച്ചത് താലിബാൻ തീവ്രവാദികളെ പോലെയാണ്. ഇപ്പോൾ പാർടിയിൽ ഏകാധിപത്യമാണ്. തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരാണ് നേതൃത്വത്തിലുള്ളത്.
തന്നെ സസ്പെൻഡ് ചെയ്തത് ഒരു ചാനലിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ്. കോൺഗ്രസ് പാർടിക്കകത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ട നിലയിലാണെന്നും അനിൽകുമാർ പറഞ്ഞു.
ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് കെ പി അനിൽകുമാർ ഉയർത്തിയത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ച രീതി ശരിയല്ല. ചർച്ചകൾ നടന്നിട്ടില്ല. അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് കോൺഗ്രസിന്റെ രീതിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനിലും കെപിസിസി പ്രസിഡന്റ് കെ സുധാകരനിലും കോൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടമായിയെന്നും അനിൽകുമാർ തുറന്നടിച്ചിരുന്നു.