കോട്ടയം: ഈരാറ്റുപേട്ടനഗരസഭയിൽ എസ്ഡിപിഐ-സിപിഎം സഖ്യമെന്ന ആരോപണം തള്ളി സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. സിപിഎം നേതാക്കൾഎസ്ഡിപിഐയുമായി ഒരുതരത്തിലുമുള്ള ചർച്ചയോ ആശയവിനിമയമോനടത്തിയിട്ടില്ലെന്നും വാസവൻ പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ അവിശ്വാസപ്രമേയം പാസായത് സംബന്ധിച്ച വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എസ്ഡിപിഐയുമായി സിപിഎം ഒരിക്കലും ബന്ധമുണ്ടാക്കിയിട്ടില്ല. നേരത്തെ മൂന്ന് തവണ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ ചെയർമാനെ തിരഞ്ഞെടുത്തപ്പോൾ ആ നിമിഷം തന്നെ രാജിവെച്ചുപോയ പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. തുടർന്നും ഇതുതന്നെയാണ് ഇപ്പോഴുംപാർട്ടിയുടെ നിലപാട്. എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ഭരണം നേടാൻ സിപിഎം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും പാർട്ടി തയ്യാറല്ല. നഗരസഭയിൽ അവിശ്വാസ പ്രമേയം വന്നപ്പോൾ അവർ വോട്ടുചെയ്തുവെന്നത് ശരിയാണ്. എന്നാൽ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ല. ഭരിക്കാൻ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുില്ലെന്നും മന്ത്രി വിശദീകരിച്ചു.
വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. 28 അംഗ നഗരസഭയിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം അഞ്ച് എസ്ഡിപിഐ അംഗങ്ങളുടെയും ഒരു കോൺഗ്രസ് വിമത അംഗത്തിന്റേയും പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.
content highlights:Minister VN Vasavan comments in SDPI-CPM alliance allegation