തിരുവനന്തപുരം> ജോണ് ഹോനായിക്കും മുമ്പ് കലാസ്വാദകരുടെ മനം റിസബാവ കീഴടക്കിയത് സ്വാതിതിരുനാളായും ഇന്ദുലേഖയുടെ മാധവനായും. പിരപ്പന്കോട് മുരളി തിരക്കഥ എഴുതി പി കെ വേണുക്കുട്ടന് നായര് സംവിധാനം ചെയ്ത നാടകമാണ് സ്വാതി തിരുനാള്. ബിഗ്സ്ക്രീനില് റിസബാവയുടെ മുഖം തെളിയാന് കാരണക്കാരനായ സായ്കുമാര് തന്നെയാണ് സ്വാതിതിരുനാള് നാടകത്തിലേക്കും അദ്ദേഹം എത്താന് ഇടയാക്കിയത്.
സംഭവം ഇങ്ങനെ-, നാടകത്തില് സ്വാതിതിരുനാളായി അഭിനയിച്ചിരുന്നത് സായ്കുമാറായിരുന്നു. ഇതിനിടയിലാണ് റാംജിറാവു സ്പീക്കിങ്ങിലേക്ക് അവസരം വന്നത്. ഇതോടെ നാടകത്തില് തുടരാന് പ്രയാസമായി. കരാര് തെറ്റിച്ച് നാടകത്തില്നിന്ന് പോകാനാകില്ലെന്ന് വേണുക്കുട്ടന് നായരും. വിഷയം പിരപ്പന്കോടിലേക്ക് എത്തി. പകരം നടനെ കിട്ടിയാല് സായ്കുമാറിന് പോകാമെന്നായി. തുടര്ന്നുള്ള അന്വേഷണമാണ് റിസബാവയെ കണ്ടെത്താനിടയാക്കിയത്. ഒരു ദിവസം വൈകിട്ട് പിരപ്പന്കോടിന്റെ വീട്ടില് റിസബാവ എത്തി. അപ്പോള് തന്നെ സ്വാതിതിരുനാളായി അദ്ദേഹത്തെ ഉറപ്പിച്ചു. റിസബാവയ്ക്ക് നാടകം പഠിക്കാന് വേണ്ടി വന്നത് രണ്ടു രാത്രിയും ഒരു പകലും. അരങ്ങിലും തകര്ത്തു.
പിരപ്പന്കോട് തിരക്കഥ എഴുതിയ ഇന്ദുലേഖയിലും തിളങ്ങി റിസബാവ. മാധവന്റെ വേഷമായിരുന്നു.അരങ്ങിലെ ഉജ്വല അഭിനയത്തിലൂടെ കൈയടി നേടിയ റിസബാവ സിനിമയിലെത്തിയപ്പോഴും പതിവ് തെറ്റിച്ചില്ല. നിരവധി വില്ലന് കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ മനസ്സില് ഇടം നേടാനായി.