തിരുവനന്തപുരം
റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ (ആർകെഐ) ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ ഭൂസർവേ ‘മനോരമ’യ്ക്ക് കേന്ദ്രപദ്ധതി. കേന്ദ്ര പദ്ധതിയായ ‘സ്വാമിത്വ’ പേരുമാറ്റിയതാണ് ഡിജിറ്റൽ സർവേയെന്നാണ് യുഡിഎഫ് പത്രത്തിന്റെ കണ്ടുപിടിത്തം. ഉടമസ്ഥാവകാശ രേഖകളില്ലാത്ത ഗ്രാമീണ അബാദി പ്രദേശങ്ങൾ സർവേ ചെയ്യുന്നതിനുള്ള പദ്ധതിയാണ് ‘സ്വാമിത്വ’. എന്നാൽ സംസ്ഥാനത്തെ 1550 വില്ലേജ് 807.98 കോടി രൂപ ചെലവിൽ പൂർണമായും സർവേ നടത്തുന്നതാണ് ആർകെഐ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ.
സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുടെ മൂന്നുമുതൽ അഞ്ച് ശതമാനംവരെയാണ് ഉടമസ്ഥാവകാശ രേഖകളില്ലാത്ത ഗ്രാമീണ അബാദി പ്രദേശങ്ങൾ. കേരളത്തിലെ വില്ലേജുകളുടെ വിസ്തൃതി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാൽ വിസ്തൃതിയുടെ 10 മുതൽ 20 ശതമാനംവരെ (ഏകദേശം ഒരു വില്ലേജിന് 300 ഹെക്ടർ വരെ) ഈ പദ്ധതിയുടെ ഭാഗമായി സർവേ നടത്തും. എന്നാൽ ഡിജിറ്റൽ സർവേയിൽ 1550 വില്ലേജിന്റെ സമഗ്ര സർവേയാണ് നടത്തുന്നത്. ആധുനിക സങ്കേതങ്ങളും ഡ്രോണും ഉപയോഗിച്ചുമാകും സർവേ. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ച് സുതാര്യവും കാലികവുമായ രേഖകൾ പദ്ധതിയിൽ തയ്യാറാക്കും.
സ്വാമിത്വ പദ്ധതിയിൽ നൽകുന്ന തുകയും വളരെ കുറവാണ്. ലാർജ് സ്കെയിൽ മാപ്പിങ്ങിന് ഒരു വില്ലേജിന് 6,000 രൂപയാണ് നൽകുന്നത്. ഡിജിറ്റൽ സർവേയിൽ ഒരു വില്ലേജ് പൂർണമായും സർവേ ചെയ്യുന്നതിന് ലക്ഷക്കണക്കിന് രൂപ വേണം. ഇതെല്ലാം മറച്ച്വയ്ക്കുകയാണ് മനോരമ.