കൊച്ചി
കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. എ വാണി കേസരിയുടെ നിയമനം ഹൈക്കോടതി ശരിവച്ചു. സർവകലാശാലയിൽ ലക്ചററായി നിയമനം നൽകിയ നടപടി ചോദ്യം ചെയ്ത് ഉദ്യോഗാർഥിയായിരുന്ന ഡോ. സോണിയ കെ ദാസ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അമിത് റാവൽ തള്ളിയത്.
യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല 2009ലെ സർവകലാശാലാ നിയമനമെന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ, തന്റെ നിയമനം സർവകലാശാലാ നിയമവും ചട്ടങ്ങളും പാലിച്ചായിരുന്നുവെന്നും നിയമനകാലത്ത് യുജിസി ചട്ടങ്ങൾ നടപ്പാക്കാൻ സർവകലാശാലാ നിയമം ഭേദഗതി ചെയ്തിരുന്നില്ലെന്നുമായിരുന്നു വാണി കേസരിയുടെ വാദം. സർവകലാശാലാ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തന്റെ നിയമനം ചോദ്യം ചെയ്യാൻ ഹർജിക്കാരിക്ക് അവകാശമില്ലെന്നും ബോധിപ്പിച്ചു.
സുപ്രീംകോടതിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സർവകലാശാലാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം എന്ന അറിവോടെയാണ് ഹർജിക്കാരി നിയമനത്തിന് അപേക്ഷ നൽകിയതെന്നും പിന്നീട് ഇക്കാര്യത്തിൽ തർക്കമുന്നയിക്കാനാകില്ലെന്നും ബോധിപ്പിച്ചു.
യുജിസി ചട്ടങ്ങൾ നടപ്പാക്കാൻ സർവകലാശാല തീരുമാനം എടുത്തിരുന്നില്ലെന്നും അതിനായി നിയമഭേദഗതി വരുന്നതിനു മുമ്പ് നടത്തിയ നിയമനങ്ങൾക്ക് അപാകമില്ലെന്നും സർവകലാശാല വിശദീകരിച്ചു. യുജിസി ചട്ടങ്ങൾക്ക് മുൻകാലപ്രാബല്യമില്ലെന്നും സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സർവകലാശാല ബോധിപ്പിച്ചു.
വ്യവസായ–-നിയമ മന്ത്രി പി രാജീവിന്റെ ഭാര്യയാണ് ഡോ. വാണി കേസരി. കുസാറ്റിൽ താൽകാലിക അധ്യാപിക ആയിരിക്കെയാണ് സ്ഥിര നിയമനത്തിന് അപേക്ഷിച്ചത്. സെലക്ഷൻ ലിസ്റ്റിൽ ഒന്നാം റാങ്ക് ആയിരുന്നു. നേരത്തേ എംജി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ തോട്ടിൽ അധ്യാപികയായി നിയമനം ലഭിച്ചപ്പോഴും നിയമനം ചോദ്യം ചെയ്ത് പൊതുതാൽപ്പര്യഹർജി സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഹർജി തള്ളി നിയമനം ശരിവയ്ക്കുകയായിരുന്നു.