ന്യൂഡൽഹി
ഗുജറാത്തിന്റെ 17–-ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഗവർണർ ആചാര്യ ദേവ്വ്രത് മുമ്പാകെ സത്യപ്രതിജ്ഞചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രിമാരായ ശിവ്രാജ് സിങ് ചൗഹാൻ(മധ്യപ്രദേശ്), മനോഹർലാൽ ഖട്ടർ(ഹരിയാന), പ്രമോദ് സാവന്ത്(ഗോവ ) എന്നിവർ പങ്കെടുത്തു.
അഹമദാബാദിലെ ഘാട്ട്ലോഡിയയിൽനിന്നുള്ള പുതുമുഖ എംഎൽഎയായ പട്ടേലിനൊപ്പം മറ്റ് മന്ത്രിമാരാരും അധികാരമേറ്റില്ല. മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനായ ഭൂപേന്ദർ പട്ടേലിനെ മോദിയാണ് നിർദേശിച്ചത്. ഭരണപരിചയമില്ലാത്ത പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിൽ ഗുജറാത്ത് ബിജെപിയിലെ പല പ്രമുഖരും അമർഷത്തിലാണ്. ആശയക്കുഴപ്പം കാരണം മന്ത്രിമാരെ തീരുമാനിക്കുന്നതും അനിശ്ചിതത്വത്തിലാണ്.
കണ്ണീരോടെ നിതിൻ പട്ടേൽ
മുഖ്യമന്ത്രിസ്ഥാനം നൽകാതെ കേന്ദ്ര നേതൃത്വം വീണ്ടും കബളിപ്പിച്ചതിൽ കടുത്ത അമർഷത്തിലാണ് ഉപമുഖ്യമന്ത്രിയും പട്ടേൽ വിഭാഗത്തിലെ മുതിർന്ന നേതാവുമായ നിതിൻ പട്ടേൽ. ജനഹൃദയങ്ങളിലാണ് തന്റെ സ്ഥാനമെന്നും ആർക്കും പുറത്താക്കാനാവില്ലെന്നും ഞായറാഴ്ച രാത്രി മെഹ്സാനയിലെ ചടങ്ങിൽ നിതിൻ പട്ടേൽ പറഞ്ഞു. തനിക്ക് മാത്രമല്ല പലർക്കും അവസരം നഷ്ടമായി–- പട്ടേൽ പറഞ്ഞു. ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചപ്പോൾതന്നെ എംഎൽഎമാരുടെ യോഗത്തിൽനിന്ന് നിതിൻ പട്ടേൽ ഇറങ്ങിപ്പോയിരുന്നു. നിതിൻ പട്ടേലിനെ ആശ്വസിപ്പിക്കാനാണ് അമിത് ഷാ തിങ്കളാഴ്ച രാവിലെ അഹമദാബാദിലെത്തിയത്.
ഭൂപേന്ദ്ര പട്ടേലും രാവിലെ അദ്ദേഹത്തെ സന്ദർശിച്ചു. തുടർന്ന് മാധ്യമങ്ങളെ കണ്ട നിതിൻ പട്ടേൽ കണ്ണീരോടെ വിങ്ങിപ്പൊട്ടി. താൻ അസ്വസ്ഥനല്ല. 18 വയസ്സുമുതൽ ബിജെപിയിലുണ്ട്. സ്ഥാനമൊന്നും ഇല്ലെങ്കിലും തുടരും–- നിതിൻ പട്ടേൽ പറഞ്ഞു.